Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളം പകരുന്ന നന്മകൾ; ഒരു ബഹ്റൈൻ ഓർമ

text_fields
bookmark_border
The Goodness Spilled by Water: A Bahrain Memory
വെള്ളം പകരുന്ന നന്മകൾ; ഒരു ബഹ്റൈൻ ഓർമ
cancel

പവിഴദ്വീപ് എന്ന് വിശേഷിപ്പിക്കുന്ന കൊച്ചു രാജ്യമായ ബഹ്‌റൈനിൽ, കഠിനാധ്വാനികളും സ്നേഹനിധികളുമായ മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഈ അറബ് നാട്ടിൽ ജോലിയുടെ ആവശ്യത്തിനായി ഞാൻ ഇടയ്ക്കിടെ വരാറുണ്ട്. ഇത്തവണത്തെ സന്ദർശനത്തിൽ ഒരു മാസത്തിലേറെ ഇവിടെ തങ്ങേണ്ടി വന്നു. ആ നാളുകളിൽ മനസ്സിൽ തൊട്ട ചെറിയൊരു അനുഭവം ഞാൻ ഇവിടെ പങ്കുവെക്കുന്നു.

സന്ധ്യയുടെ മയക്കം വീണ കടലോരം. തണുത്ത കാറ്റിന് ചെറിയൊരു ഉപ്പുരസമുണ്ടായിരുന്നു. തിരമാലകളുടെ താളത്തിലുള്ള ഇരമ്പൽ ആ അന്തരീക്ഷത്തിന് വല്ലാത്തൊരു ശാന്തത നൽകി. ജോലി കഴിഞ്ഞാൽ അൽപ്പം കടൽക്കാറ്റ് കൊള്ളാനായി ഞാൻ പതിവായി കടൽത്തീരത്തേക്ക് വണ്ടി നിർത്താറുണ്ടായിരുന്നു. അവിടെ ചെറിയൊരു തട്ടുകട നടത്തിയിരുന്ന ആ ബഹ്‌റൈനി സ്ത്രീയുടെ കയ്യിൽ എപ്പോഴും ഒരു ചെറിയ ജപമാല ഉണ്ടാകുമായിരുന്നു. ചുണ്ടുകൾ മന്ത്രിച്ചുകൊണ്ട് അവർ ആ ജപമാലയിലെ ഓരോ മണിയും ഓരോന്നായി നീക്കിക്കൊണ്ടേയിരിക്കും.

നല്ല പുതിനയിട്ട ചൂടുള്ള അറബി സുലൈമാനി അവിടെ ലഭിക്കും. അവരിൽ നിന്ന് ഒരു ചൂടൻ ചായ വാങ്ങിയ എനിക്ക്, സൗജന്യമായി തന്ന ആ കുപ്പി വെള്ളം ആദ്യം വേണ്ടെന്നു വെച്ചതാണ്. എന്നാൽ, അവരുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു മുന്നിൽ എനിക്ക് അതു വാങ്ങേണ്ടി വന്നു.

ചായയും കുടിച്ച് കടലോരത്തെ ഒരു കല്ലിലിരുന്ന് ചുറ്റുപാടുകൾ വീക്ഷിക്കുമ്പോൾ, അടുത്തേക്ക് നടന്നു വന്ന രണ്ട് പൂച്ചകളാണ് എന്റെ ശ്രദ്ധയിൽപെട്ടത്. ആരോ അവർക്ക് കഴിക്കാൻ എന്തോ വെച്ചുകൊടുത്തിരുന്നു. ഭക്ഷണം കഴിച്ചു വയറു നിറഞ്ഞിരുന്നെങ്കിലും, വല്ലാത്തൊരു പ്രയാസത്തോടെ അവറ്റകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഞാൻ കണ്ടു. കഠിനമായ ദാഹത്താൽ അവ ശ്വാസമെടുത്തു ബുദ്ധിമുട്ടുന്നത് വ്യക്തമായിരുന്നു.

"കൈയിലുള്ള ഈ വെള്ളം വെറുതെ കളയുന്നതിനു പകരം, നല്ലൊരു കാര്യത്തിന് ഉപയോഗിച്ചുകൂടേ?" എന്റെ മനസ്സ് ചോദിച്ചു. ഉടൻതന്നെ ഞാൻ കുടിച്ച ചായയുടെ ഒഴിഞ്ഞ പേപ്പർ ഗ്ലാസ് എടുത്തു. കൈയിലുണ്ടായിരുന്ന ആ കുപ്പിയിൽ നിന്ന് ശുദ്ധമായ വെള്ളം ആ ഗ്ലാസിലേക്ക് പകർന്നു. അത് ആ പൂച്ചകളുടെ അരികിൽ വെച്ചുകൊടുത്തപ്പോൾ, അവയതിൽ ആർത്തിയോടെ വന്ന് വെള്ളം കുടിക്കാൻ തുടങ്ങി. ആ ദാഹശമനത്തിൽ ആ പൂച്ചകളുടെ മുഖത്തുണ്ടായ ആശ്വാസം കണ്ടപ്പോൾ എന്റെ മനസ്സും നിറഞ്ഞുതുളുമ്പി.

സ്നേഹത്തോടെ ആ സ്ത്രീ എനിക്ക് സമ്മാനിച്ച ആ വെള്ളത്തെക്കുറിച്ചും അവരുടെ വിശാലമായ ഹൃദയത്തെക്കുറിച്ചും ഞാൻ ഓർത്തുപോയി. മറ്റുള്ളവർ നൽകുന്ന സമ്മാനങ്ങളും, നമ്മൾ മറ്റു ജീവികൾക്കായി കരുതുമ്പോഴുണ്ടാകുന്ന സംതൃപ്തിയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങളായി മാറുന്നു. കടലോരത്തെ ആ രാത്രിയും ആ ചെറിയ നന്മയും എന്റെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കും. എന്നെയും ആ പാവം പൂച്ചകളെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ആ മഹത് വനിതയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - യു.എ.ഇയിൽ പ്രവർത്തനം നിർത്തിയ നാല് ഇന്ത്യന്‍ സേവന കേന്ദ്രങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി എങ്ങനെ കിട്ടും?
Next Story