ഹൂതി ആക്രമണം: ആറ് അമേരിക്കൻ യുദ്ധവിമാനങ്ങൾ അബൂദബിയിൽ
text_fieldsദുബൈ: ഹൂതി ആക്രമണത്തിന് പ്രതിരോധം തീർക്കാൻ യു.എ.ഇയെ സഹായിക്കുന്നതിന് ആറ് അമേരിക്കൻ യുദ്ധവിമാനങ്ങൾ അബൂദബിയിലെത്തി. യു.എസിലെ വെർജീനിയ വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട എഫ്-22 വിമാനങ്ങൾ ശനിയാഴ്ചയാണ് അൽദഫ്റ വ്യോമതാവളത്തിൽ എത്തിയത്. കഴിഞ്ഞമാസം അബൂദബിക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇക്ക് യു.എസ് പ്രഖ്യാപിച്ച സഹായങ്ങളുടെ ഭാഗമായാണ് യുദ്ധവിമാനങ്ങൾ നൽകിയത്. രണ്ടായിരത്തോളം അമേരിക്കൻ സൈനികർ അൽദഫ്റ വ്യോമതാവളം കേന്ദ്രീകരിച്ച് നിലവിൽ പ്രവർത്തിക്കുന്നുമുണ്ട്.
ഹൂതി ആക്രമണ പശ്ചാത്തലത്തിൽ യു.എ.ഇക്ക് പ്രഖ്യാപിച്ച യു.എസിന്റെ വിവിധ സഹായങ്ങളുടെ ഭാഗമായാണ് യുദ്ധ വിമാനങ്ങളെത്തിച്ചതെന്ന് യു.എസ് എയർഫോഴ്സ് വക്താവ് അറിയിച്ചു. എത്ര എഫ്-22 വിമാനങ്ങളാണ് എത്തിയതെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത് ശനിയാഴ്ച ആറു വിമാനങ്ങൾ എത്തിയതായാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എ.ഇക്ക് സഹായമായി യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലും നൽകുമെന്ന് ഫെബ്രുവരി ആദ്യത്തിൽ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ വ്യക്തമാക്കിയുന്നു. ഇതിന്റെ ഭാഗമായി യു.എസ്.എസ് കോൾ മിസൈൽ പ്രതിരോധ കപ്പൽ നേരത്തെ യു.എ.ഇയിലെത്തിയിട്ടുണ്ട്. യു.എസ്.എസ് കോൾ അതിവേഗ മിസൈൽ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ തടയാൻ ഏറെ ഉപകാരപ്പെടുന്നതാണ്. ജനുവരി 17ന് അബൂദബിയിലെ അഡ്നോക് കേന്ദ്രത്തിലും വിമാനത്താവള നിർമാണ മേഖലയിലും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്നുപേർ പേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. രണ്ടു തവണകളായി പിന്നീടും ഹൂതികൾ അബൂദബിയെ ലക്ഷ്യം വെക്കുകയുണ്ടായി. എന്നാൽ യു.എ.ഇ ഈ ആക്രമണ ശ്രമങ്ങളെ വിജയകരമായി തകർക്കുകയായിരുന്നു.