Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഹൗസ് ഓഫ് ആര്‍ട്ട്​’...

‘ഹൗസ് ഓഫ് ആര്‍ട്ട്​’ 2030ല്‍ തുറക്കും; പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്‍റര്‍

text_fields
bookmark_border
‘ഹൗസ് ഓഫ് ആര്‍ട്ട്​’ 2030ല്‍ തുറക്കും; പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്‍റര്‍
cancel
camera_alt

'ദാര്‍ അല്‍ ഫുനൂന്‍ അബൂദബി' (ഹൗസ് ഓഫ് ദി ആര്‍ട്) പ്രൊജക്ട്

അബൂദബി: പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്‍ററുകളിലൊന്നായ 'ദാര്‍ അല്‍ ഫുനൂന്‍ അബൂദബി' (ഹൗസ് ഓഫ് ദി ആര്‍ട്ട്​) 2030ഓടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഏറ്റവും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഈ സാംസ്‌കാരിക കേന്ദ്രത്തെ വൈജ്ഞാനിക സമ്പദ്​​ വ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിന്‍റെയും തന്ത്രപ്രധാനമായ ചാലകശക്തിയായി മാറ്റാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.

സഅദിയാത് സാംസ്‌കാരിക മേഖലയോട് ചേര്‍ന്നുള്ള പദ്ധതിയുടെ പ്രഖ്യാപനത്തിന് അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍ സാക്ഷ്യം വഹിച്ചു. ജീവിതനിലവാരം ഉയര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക ആശയവിനിമയം ശക്തമാക്കാനുമുള്ള അബൂദബിയുടെ സമഗ്ര വികസന കാഴ്ചപ്പാടിന്‍റെ ഭാഗമാണ്​ ഹൗസ് ഓഫ് ദി ആർട്ടെന്ന്​ കിരീടാവകാശി പറഞ്ഞു.

വിവിധ ആര്‍ട് സ്‌പേസുകളിലായി ആകെ ആറായിരത്തിലധികം പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ദാര്‍ അല്‍ ഫുനൂന്‍. 2000 സീറ്റുകളുള്ള മള്‍ട്ടി പര്‍പ്പസ് പെര്‍ഫോമന്‍സ് ഹാള്‍, 3500 സീറ്റുകളുള്ള ഓപ്പണ്‍ എയര്‍ ആംഫി തിയറ്റര്‍, 400 പേര്‍ക്കിരിക്കാവുന്ന സ്റ്റുഡിയോ തിയറ്റര്‍, 250 സീറ്റുകളുള്ള ജാസ് വേദി എന്നിവ ഇതിലുണ്ടാകും. ഒപെറ, ബാലെ, തിയേറ്റര്‍ അടക്കമുള്ള തത്സമയ കലാരൂപങ്ങളുടെയും ലോകോത്തര കലാസൃഷ്ടികളുടെയും സ്ഥിരം വേദിയായി ഇത് മാറും. പ്രശസ്ത ആര്‍ക്കിടെക്റ്റ് അന്തരിച്ച ഫ്രാങ്ക് ഗെഹ്രിയാണ് സംഗീതത്തില്‍ നിന്നും പെര്‍ഫോമിങ് ആര്‍ട്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇതിന്‍റെ സുതാര്യമായ വാസ്തുവിദ്യാ രൂപകൽപന നിര്‍വഹിച്ചിരിക്കുന്നത്.

അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് (ഡി.സി.ടി അബൂദബി) കമീഷന്‍ ചെയ്ത ഈ പദ്ധതി, പ്രാദേശിക അന്തര്‍ദേശീയ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനൊപ്പം ഇമാറാത്തി കലകള്‍ക്ക് ആഗോളതലത്തില്‍ വലിയൊരു വേദിയൊരുക്കുമെന്ന് ഡി.സി.ടി. അബൂദബി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് വ്യക്തമാക്കി. സഅദിയാത് ദ്വീപിന്‍റെ സാംസ്‌കാരിക വികസനത്തിന്‍റെ ഭാഗമായുള്ള ഈ പദ്ധതി ലുവ്‌റേ അബൂദബി, സായിദ് നാഷനല്‍ മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, ടീംലാബ് ഫിനോമിന, വരാനിരിക്കുന്ന ഗുഗ്ഗന്‍ഹൈം അബൂദബി എന്നിവയോടൊപ്പം ചേരുന്നതോടെ എമിറേറ്റിന്‍റെ ആഗോള സാംസ്‌കാരിക ഭൂപടത്തിലെ സ്ഥാനം കൂടുതല്‍ ശക്തമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsGulf Update
News Summary - ‘House of Art’ to open in 2030
Next Story