വീട്ടിൽ മോഷണം; ജോലിക്കാരിക്കും ആൺസുഹൃത്തിനും തടവ് ശിക്ഷ
text_fieldsദുബൈ: ജോലിക്കുനിന്ന വീട്ടിൽനിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ ജീവനക്കാരിക്കും ആൺ സുഹൃത്തിനും മൂന്നുമാസം തടവ് ശിക്ഷ വിധിച്ച് അൽ ഐൻ ക്രിമിനൽ കോടതി. 25കാരിയായ ഇത്യോപ്യൻ യുവതിയും 30 വയസ്സുള്ള യുവാവുമാണ് പ്രതികൾ. ശിക്ഷ കാലാവധി പൂർത്തിയായ ശേഷം പ്രതികളെ നാടുകടത്താനും കോടതി നിർദേശിച്ചു.
വീട്ടിൽ നിന്ന് 5,000 ദിർഹം കാഷ്, ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ വിലകൂടിയ വസ്തുക്കളാണ് നഷ്ടമായത്. പല സമയങ്ങളിലായാണ് മോഷണം നടന്നത്. ആൺസുഹൃത്തുമായി യുവതി നാല് തവണ വീട്ടിൽ പ്രവേശിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയിലാണ് ഫലജ് ഹസ്സ പൊലീസ് സ്റ്റേഷനിൽ മോഷണ വിവരം വീട്ടുടമ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ നിയമിച്ച ജോലിക്കാരി തന്‍റെ റൂമിലേക്ക് പ്രവേശിക്കാനായി സുഹൃത്തുമായി ഗൂഢാലോചന നടത്തുകയായിരുന്നു. വീട്ടിനകത്ത് സംശയകരമായ രീതിയിലുള്ള പ്രവൃത്തികൾ നടക്കുന്നതായി മറ്റൊരു ജീവനക്കാരി അറിയിച്ചപ്പോഴാണ് താൻ മോഷണ വിവരം അറിഞ്ഞതെന്നും ഉടമ നൽകിയ പരാതിയിൽ പറയുന്നു.
സഹോദരിയുമായി ചേർന്ന് സി.സി ടി.വി പരിശോധിച്ചപ്പോൾ ഇത്യോപ്യൻ യുവാവ് പലതവണ വീട്ടിൽ വന്ന് പോകുന്നതായി ശ്രദ്ധയിൽപെട്ടു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ഇവർ നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

