ശംഖുപുഷ്പം കണ്ണെഴുതുന്ന ഉമ്മുൽഖുവൈനിലെ വീടുകൾ
text_fieldsസുലൈമാനി, ഗ്രീന്‍ ടീ എന്നിങ്ങനെ സുപരിചിതമായ ഒട്ടനവധി ചായകളുടെ രുചിയറിഞ്ഞവര്‍ ഏറെ. എന്നാല്‍, നീലച്ചായയെ കുറിച്ച് കേട്ടവരും രുചിച്ചവരും കുറവായിരിക്കും. ഇങ്ങിവിടെ ഉമ്മുല്‍ഖുവൈനിന്‍റെ ഗ്രാമഭംഗിയില്‍ നിരവധി വീടുകള്‍ക്ക് അലങ്കാരമാണീ നീലച്ചായ പൂവ്. ഉമ്മറത്ത് നിന്നും നീല നിറം വീശിയാടുന്ന ഈ അല്‍ഭുതപ്പൂവിനെ മലയാള നാട്ടില്‍ നാം വിളിച്ച് പോരുന്ന ഒരു പേരുണ്ട്, ‘ശംഖ് പുഷ്പം’.
ശംഖ് പുഷ്പ ചായയെ സാധാരണയായി ബ്ലൂ ടീ എന്നറിയപ്പെടുന്നു. കഫീൻ രഹിത ഹെർബൽ ചായയാണിത്. നീല ചായ ചൂടാക്കിയും തണുപ്പിച്ചും ഉപയോഗിക്കാവുന്നതാണ്. തണുത്തതില്‍ തേൻ, പുതീന, തുളസി, കറുവപ്പട്ട, ഇഞ്ചി, പാഷൻ ഫ്രൂട്ട് എന്നിവ ചേര്‍ത്ത് സേവിക്കുന്നത് നന്നാകും. തേനും നാരങ്ങയും കലർത്തിയാല്‍ നല്ല ഒരു ശീതള പാനീയമായും ഇതിനെ ഉപയോഗിക്കാം.
നീല ദളം വിടര്‍ത്തി നില്‍ക്കുന്ന ഈ പൂവിന്‍റെ ഗുണങ്ങളേറെ. ഇതിന് സ്വാഭാവിക ആന്‍റിഓക്‌സിഡന്‍റുകൾ ഉണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തം ശുദ്ധീകരിക്കാനും മുടി കൊഴിച്ചിലും നരയും തടയാനും ഇത് സഹായകമാണ്. രാത്രി കാഴ്ച മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മത്തെയും മുടിയെയും ഇത് പുനരുജ്ജീവിപ്പിക്കുന്നു. ഇങ്ങനെ ഒട്ടനവധി ഗുണഗണങ്ങളുള്ള ഈ ചെടിയുടെ പൂക്കൾ ആയുർവേദത്തിൽ ഔഷധ കൂട്ടുകളില്‍ ഉപയോഗിച്ച് വരുന്നു. ഈ ചെടി വേരോട് കൂടി ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ് കഷായം ഉണ്ടാക്കുക എന്ന രീതി ചെറുപ്പ കാലങ്ങളില്‍ അച്ഛമ്മയുടെ അടുത്തുള്ള ഒരു ഒന്നാന്തരം കഷായക്കൂട്ടായിരുന്നു. ബുദ്ധിശക്തി, തൊലിപുറത്തുണ്ടാകുന്ന അസുഖങ്ങൾ ഇവയ്ക്കൊക്കെ മേത്തരം ഔഷധമായിരുന്നു ഇതെന്ന് സമൃദ്ധമായ ശംഖ് പുഷ്പത്തിന്‍റെ ഗുണം പരമ്പരാഗതമായി അടുത്തറിഞ്ഞ ന്യൂ ഇന്ത്യന്‍ സ്കൂളിലെ കെ.ജി അധ്യാപിക ദീപിക പറയുന്നു.
വയലറ്റിനോട് ചേര്‍ന്ന കടുത്ത നീല നിറമാണ് ഇതിന്‍റെ ഏറ്റവും നല്ല ആകര്‍ഷണം. ചായയിൽ ചേർക്കുന്ന പദാർത്ഥത്തിന്‍റെ പി.എച്ച് നിലയെ അടിസ്ഥാനമാക്കി നിറം മാറുന്നു എന്നത് ഇതിന്‍റെ മറ്റൊരു കൗതുകമാണ്. ചായയിൽ നാരങ്ങാനീര് ചേർക്കുന്നതോടെ നിറം പർപ്പിൾ ആയും ചെമ്പരത്തി ഇലകൾ ചേർത്താല്‍ കടും ചുവപ്പ് നിറവും ലഭിക്കും. തീന്‍ മേശയെ നിറക്കൂട്ടുകള്‍ കൊണ്ട് അലങ്കരിക്കാന്‍ കേമന്‍ തന്നെ ഈ നീലപ്പൂവ്. ഭക്ഷണങ്ങള്‍ക്ക് പ്രകൃതി ദത്തമായ വര്‍ണ്ണം പകരാന്‍ ഇതിന്‍റെ നിറം ഉപയോഗിക്കാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഈ പൂക്കളുടെ ഉല്‍ഭവം എന്ന് പറയപ്പെടുന്നു. ശംഖ് പുഷ്പം തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. അധികം വരുന്ന പൂക്കള്‍ ഉണക്കി സൂക്ഷിക്കാറുമുണ്ട്. വിത്ത് ഇറക്കിയത് മുതല്‍ ചെടി പൂക്കാൻ തുടങ്ങാന്‍ 90 ദിവസമെടുക്കും. പൂക്കൾ രൂപം കൊള്ളാൻ തുടങ്ങിയാൽ സമൃദ്ധമായി പൂവ് ഉല്പാദിപ്പിക്കും. വേനൽക്കാലത്തിന്‍റെ ആരംഭം മുതൽ ശരത്കാലത്തിന്‍റെ അവസാനം വരെ പൂവിടുന്നത് തുടരും. ഉമ്മുൽഖുവൈനിലെ നിരവധി സ്ഥലങ്ങളിലാണ് ശംഖുപുഷ്പം പടർന്ന് പന്തലിച്ച് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

