ഹോട്ട്പാക്ക് ഹാപ്പിനസ് സീസൺ 4ന് തുടക്കം
text_fieldsദുബൈ: ജീവനക്കാരുടെ ക്ഷേമം, ടീം വർക്ക്, ഊർജസ്വലമായ തൊഴിൽ സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സുസ്ഥിര പാക്കേജിങ് രംഗത്തെ യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ ഹോട്ട്പാക്ക് നടത്തുന്ന വാർഷിക സംരംഭമായ ഹോട്ട്പാക്ക് ഹാപ്പിനസ് സീസൺ 4ന് തുടക്കം. ഒക്ടോബർ മുതൽ അടുത്ത വർഷം ജനുവരി വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ യു.എ.ഇയിലെ വിവിധ ശാഖകളിൽനിന്നുള്ള 500ലധികം ജീവനക്കാർ കായിക, കലാമത്സരങ്ങളിൽ മാറ്റുരക്കും.
മേഖലതലത്തിലുള്ള മത്സരങ്ങൾക്കൊടുവിൽ ജനുവരിയിലെ ഗ്രാൻഡ് ഫിനാലെയിൽ ഓരോ എമിറേറ്റിൽനിന്നുമുള്ള ഫൈനലിസ്റ്റുകൾ ഹോട്ട്പാക്ക് ചാമ്പ്യൻഷിപ് ട്രോഫിക്കും ക്യാഷ് പ്രൈസുകൾക്കുമായി മത്സരിക്കും. ഈ വർഷം, മറ്റു ജി.സി.സി രാജ്യങ്ങളിലെ ടീമുകളെ കൂടി ഉൾപ്പെടുത്തി പരിപാടി വിപുലീകരിച്ചിട്ടുണ്ട്. ഹോട്ട്പാക്ക് ഹാപ്പിനസ് മത്സരങ്ങളുടെ നാലാം സീസൺ ആതിഥേയത്വം വഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി അബ്ദുൽ ജബ്ബാർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, വടംവലി, റിലേ റേസുകൾ, ചെസ്, കാരംസ്, ഇ-ഫുട്ബാൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ കായിക മത്സരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ, പാട്ട്, നൃത്തം, പെയിന്റിങ്, ഫോട്ടോഗ്രഫി, പോസ്റ്റർ നിർമാണം, റീൽ നിർമാണം, കഥയെഴുത്ത്, ഫാഷൻ ഷോ തുടങ്ങിയ നിരവധി ക്രിയാത്മകവും പ്രകടനപരവുമായ കലാ മത്സരങ്ങളും നടക്കും. ജീവനക്കാർക്കിടയിൽ കായികക്ഷമത, മനക്കരുത്ത്, സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കാൻ രൂപകൽപന ചെയ്ത ‘ഹാപ്പിനസ് മാരത്തണി’ന്റെ അവതരണമാണ് ഈ സീസണിലെ പ്രധാന പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

