യു.എസിൽ 10 കോടി ഡോളര്‍ നിക്ഷേപവുമായി ഹോട്പാക്ക് ഗ്ലോബല്‍
text_fieldsദുബൈയില്‍ നടന്ന ചടങ്ങിൽ ന്യൂ ജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഹോട്പാക്ക് ഗ്ലോബൽ യു.എസിൽ
നടത്തുന്ന 10 കോടി ഡോളർ നിക്ഷേപം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നു. ഹോട്പാക്ക് മാനേജിങ്
ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ സമീപം
ദുബൈ: ഭക്ഷണ പാക്കേജിങ് രംഗത്ത് പ്രമുഖരായ യു.എ.ഇ കേന്ദ്രമായുള്ള ഹോട്ട്പാക്ക് ഗ്ലോബല്‍ നോര്‍ത്ത് അമേരിക്കയില്‍ പുതിയ നിർമാണ, വിതരണ പ്ലാന്റ് സ്ഥാപിക്കുന്നു. 10 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ന്യൂ ജഴ്സിയിലെ എഡിസണിലാണ് പ്ലാന്റ് തുടങ്ങുക. ദുബൈയില്‍ നടന്ന ചടങ്ങിൽ ന്യൂ ജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ഹോട്ട്പാക്ക് പ്രതിനിധികളും ചേർന്നാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഹോട്ട്പാക്കിന്റെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ നിർമാണ കേന്ദ്രമായ പ്ലാന്റ് കമ്പനിയുടെ അന്താരാഷ്ട്ര കുതിപ്പ് ലക്ഷ്യമിടുന്ന ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് പ്രാവര്‍ത്തികമാകുന്നത്. 70,000 ചതുരശ്രയടിയില്‍ നൂതനസൗകര്യങ്ങളോടെ സ്ഥാപിക്കുന്ന പ്ലാന്റ് 2025 ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും.
പ്ലാസ്റ്റിക്, കടലാസ് കപ്പുകള്‍, കണ്ടെയ്നറുകള്‍, ക്ലാംഷെല്ലുകള് എന്നിവയാണ് ഇവിടെ നിർമിക്കുക. ആദ്യഘട്ടമെന്നനിലയില്‍, അടുത്ത അഞ്ചു വര്‍ഷത്തിനകം മേഖലയില്‍ 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ന്യൂ ജഴ്സിയില്‍ നിർമാണ ഫാക്ടറി തുടങ്ങുകയെന്നത് ഏറെ അഭിമാനകരമാണെന്ന് ഹോട്പാക്ക് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ഏറ്റവും പുതിയ പാക്കേജിങ് സാങ്കേതികതയായിരിക്കും ന്യൂ ജഴ്സിയിലെ ഫാക്ടറിയില്‍ ഉപയോഗപ്പെടുത്തുകയെന്ന് ഹോട്പാക്ക് ഗ്രൂപ് സി.ഒ.ഒയും എക്സിക്യുട്ടിവ് ഡയറക്ടറുമായ പി.ബി. സൈനുദ്ദീന്‍ പറഞ്ഞു. നവീനത, സുസ്ഥിരത, ഉപഭോക്തൃ കേന്ദ്രീകൃതമായ വളര്‍ച്ച എന്നിവയാല്‍ മുന്നേറുന്ന പാക്കേജിങ് രംഗത്തെ വിശ്വസ്ത പങ്കാളി എന്ന പാരമ്പര്യത്തിലൂന്നിയുള്ള വികസന നയവുമായി ഹോട്പാക്ക് മുന്നേറുകയാണെന്ന് ഗ്രൂപ് സി.ടി.ഒയും എക്സിക്യുട്ടിവ് ഡയറക്ടറുമായ അന്‍വര്‍ പി.ബി പറഞ്ഞു. ന്യൂ ജഴ്സിയില്‍ ഹോട്പാക്കിന്റെ തുടര്‍ച്ചയായ വിജയത്തെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ചൂസ് ന്യൂ ജഴ്സിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ വെസ്ലി മാത്യൂസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

