Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽഐനിൽ ഹോട്ടൽ നവീകരണ...

അൽഐനിൽ ഹോട്ടൽ നവീകരണ പദ്ധതി

text_fields
bookmark_border
അൽഐനിൽ ഹോട്ടൽ നവീകരണ പദ്ധതി
cancel

അബൂദബി: രാജ്യത്തെ പ്രധാന വിനോദ സഞ്ചാരയിടമെന്ന നിലയിൽ അൽഐനിന്‍റെ ആകർഷണീയത വർധിപ്പിക്കുന്നതിനായി ഹോട്ടൽ​ നവീകരണ പദ്ധതി പ്രഖ്യാപിച്ച്​ അബൂദബിയിലെ സാംസ്കാരിക ടൂറിസം ഡിപാർട്ട്​മെന്‍റ്​. ഹോട്ടലുകളിലെ താമസ സൗകര്യങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിലൂടെ അൽഐനിൽ എത്തുന്ന വിനോദ​ സഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുകയും അതുവഴി ടൂറിസം വികസനം പരിപോഷിപ്പിക്കുകയുമാണ്​​ പദ്ധതിയുടെ ലക്ഷ്യം.

നവീകരണത്തിന്​ തെരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഹോട്ടലുകൾക്ക്​ നിക്ഷേപത്തിൻമേൽ 12 ശതമാനം വരെ മൂലധന ചെലവ്​ റിബേറ്റ്​ നൽകും. ബ്രാന്‍റഡ്​ അല്ലാത്ത ഹോട്ടലുകളെ മികച്ച ബ്രാന്‍റഡ്​ ഹോട്ടലുകളാക്കി പരിവർത്തിപ്പിക്കുക, സ്റ്റാർ റേറ്റിങ്​ വർധിപ്പിക്കുക, പൈതൃകമായ സ്വത്തുകൾ പുതുക്കപ്പണിയുക തുടങ്ങിയ നവീകരണണ പ്രവർത്തനങ്ങൾക്ക്​​ അഞ്ച്​ ശതമാനം പ്രീമിയം റിബേറ്റും അനുവദിക്കും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമായിരിക്കും റിബേറ്റുകൾ അനുവദിക്കുകയെന്ന്​ അബൂദബി സാംസ്കാരിക ടൂറിസം ഡിപാർട്ട്​മെന്‍റ് അധികൃതർ അറിയിച്ചു.

അൽഐനിലെ വിനോദ സഞ്ചാര മേഖലയുടെ അതിവേഗത്തിലുളള വളർച്ചയാണ്​ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം അൽഐനിൽ എത്തിയത്​ 4,73,077 വിനോദ സഞ്ചാരികളാണ്​. 2024ലിനെ അപേക്ഷിച്ച്​ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഒമ്പത്​ ശതമാനമാണ്​ വർധന. ലഭ്യമായ ഓരോ ഹോട്ടൽ മുറിയുടെയും വരുമാനം 17 ശതമാനം വർധിച്ച്​ 204 ദിർഹമിലെത്തിയിട്ടുണ്ട്​. താമസ നിരക്ക്​ ഒമ്പത്​ ശതമാനം വർധിച്ച്​ 66 ശതമാനമായതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ഹോസ്പിറ്റാലിറ്റി നിലവാരം ഉയർത്തി അൽഐനിന്‍റെ സാംസ്കാരിക അസ്തിത്വം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ്​ പുതിയ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന്​ അബൂദബി ഡി.സി.ടി അണ്ടർ സെക്രട്ടറി സഊദ്​ അബ്​ദുൽ അസീസ്​ അൽ ഹുസനി പറഞ്ഞു. ഹോട്ടലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ സാംസ്കാരികവും സാഹസികവുമായ അനുഭവം തേടുന്ന വലിയ വിഭാഗം സന്ദർശകരെ അൽഐനിലേക്ക്​ ആകർഷിക്കാനായി രൂപകൽപന ചെയ്തതാണ്​ പുതിയ പദ്ധതികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട നിരവധി സ്ഥലങ്ങൾ അൽഐനിലുണ്ട്.

മരുപ്പച്ചകൾ, പുരാവസ്തു ഉദ്യാനങ്ങൾ, ചരിത്രപരമായ കോട്ടകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത് എമിറേറ്റിന്‍റെ സാംസ്കാരിക ടൂറിസം നയത്തിന്‍റെ കേന്ദ്രബിന്ദുവാക്കി അൽഐനിനെ മാറ്റുകയാണ്​. കൂടാതെ പ്രകൃതി, പൈതൃകം, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ടൂറിസം കേന്ദ്രമായും അൽഐൻ മാറിയിരിക്കുന്നു. കുടുംബങ്ങളെയും പ്രാദേശിക സന്ദർശകരെയും സമാധാനവും അനുഭവപരിചയമുള്ളതുമായ യാത്ര ആഗ്രഹിക്കുന്നവരെയും ആകർഷിക്കാൻ അൽഐനിന്​ കഴിയുന്നതായും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelrenovationprojectAl Ain
News Summary - Hotel renovation project in Al Ain
Next Story