കുതിരപ്പന്തയ മാമാങ്കം ‘ദുബൈ വേൾഡ് കപ്പ്’ ഇന്ന്
text_fieldsദുബൈ എയർപോർട്ടിലെത്തിയ യാത്രക്കാരി പാസ്പോർട്ടിൽ പതിപ്പിച്ച ദുബൈ വേൾഡ് കപ്പ് 2026’ പേൾ ജൂബിലിയുടെ സ്റ്റാമ്പുമായി
ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരപ്പന്തയ മാമാങ്കമായ ‘ദുബൈ വേൾഡ് കപ്പിന്‍റെ’ മുപ്പതാം എഡിഷൻ ആഘോഷമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ദുബൈ. ആഘോഷങ്ങളുടെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സ്മാരക സ്റ്റാമ്പ് പതിപ്പിച്ചു തുടങ്ങി. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ആണ് യാത്രക്കാരുടെ പാസ്പോർട്ടിൽ ‘ദുബൈ വേൾഡ് കപ്പ് 2026’ ലോഗോ പതിപ്പിക്കുന്നത്. മാർച്ച് 28ന് ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ആഗോള കുതിരപ്പന്തയ മത്സരം നടക്കുക. ദുബൈയിലെത്തുന്ന ഓരോ സന്ദർശകനും യു.എ.ഇയുടെ തനതായ ആതിഥ്യമര്യാദയും സ്നേഹവും പകരാനാണ് സ്റ്റാമ്പ് പതിപ്പിക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പാസ്‌പോർട്ടിൽ പതിയുന്ന മുദ്ര ഓരോ യാത്രികനും എന്നെന്നും സൂക്ഷിക്കാവുന്ന മനോഹരമായ ഒരു ഓർമയായി മാറും. ദുബൈ വേൾഡ് കപ്പിൽ പങ്കെടുക്കാനും കാണാനുമായി എത്തുന്ന സന്ദർശകർക്ക് വിമാനത്താവളങ്ങളിൽ സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ ജി.ഡി.ആർ.എഫ്.എ പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. യാതൊരു കാലതാമസവുമില്ലാതെ അതിവേഗ ഇമിഗ്രേഷൻ സേവനം നൽകി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് ഈ സംഘത്തിന്‍റെ ചുമതല. ദുബൈ വേൾഡ് കപ്പിന്‍റെ 30ാംം പതിപ്പ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ജി.ഡി.ആർ.എഫ്.എ എയർപോർട്ട് അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീതി പറഞ്ഞു. ലോകമെമ്പാടുമുള്ള കുതിരപ്പന്തയ ആരാധകരെ ഒന്നിപ്പിക്കുന്ന ആഗോള വേദിയാണ് ദുബൈ വേൾഡ് കപ്പെന്നും, വിമാനത്താവളത്തിൽ ലഭിക്കുന്ന ഊഷ്മളമായ സ്വീകരണം സന്ദർശകരുടെ യാത്രാനുഭവത്തെ കൂടുതൽ ഹൃദ്യമാക്കുമെന്നും ദുബൈ റേസിങ് ക്ലബ് സി.ഇ.ഒയും ബോർഡ് അംഗവുമായ അലി അബ്ദുൽറഹ്മാൻ അൽ അലിയും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

