ഫുജൈറയില്‍ അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം
text_fieldsഫുജൈറ: മൂന്നാമത് അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം ഫുജൈറ ഫോര്‍ട്ട് അങ്കണത്തില്‍ ഇൗ മാസം 14 മുതൽ 18 വരെ അരങ്ങേറും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബി ന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷകർതൃത്വത്തിലാണ് മത്സരം നടക്കുന്നത്. കുതിരകളുടെ ശരീരഘടന, ശക്തി, നടത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് വിജയം കണക്കാക്കുന്നത്.
പെണ്‍കുതിരകള്‍ക്കും, ആണ്‍കുതിരകള്‍ക്കും കുട്ടികുതിരകള്‍ക്കും എല്ലാം വെവ്വേറെ മത്സരം. ദിവസവും വൈകുന്നേരം നാലു മുതല്‍ ഒമ്പത് മണി വരെ നീളുന്ന പ്രദര്‍ശന മത്സരത്തില്‍ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500-ല്‍ അധികം കുതിരകള്‍ മാറ്റുരക്കുമെന്ന് ബ്യുട്ടി ചാമ്പ്യൻഷിപ്പ് മാനേജര്‍ അലി മുസബഹ് അല്‍ കഹ്ബി പറഞ്ഞു. ഫുജൈറ അറേബ്യൻ കുതിര സൊസൈറ്റിയും അബുദാബി സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രദര്‍ശന മത്സരം കാണാന്‍ എത്തുന്ന കാണികള്‍ക്ക് റാഫിള്‍ കൂപ്പണുകളിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും.