ഹോപ്പിന്റെ പ്രവർത്തനം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു
text_fieldsഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ പ്രവർത്തകർ
ദുബൈ: അർബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ പരിചരണവും കരുതലും നൽകുന്ന ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു. ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ഹോപ് ഹോംസുകൾ ആരംഭിക്കാനുള്ള നടപടികൾക്ക് ധാരണയായതായി ഹോപ് ഡയറക്ടർ ബോർഡ് ദുബൈയിൽ അറിയിച്ചു. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഇതോടെ കേരളത്തിന് പുറത്തേക്കും ഹോപ്പിന്റെ മനുഷ്യത്വപരമായ സേവനങ്ങൾ ലഭ്യമാകും. നിലവിൽ കോഴിക്കോട്, മുക്കം, തലശ്ശേരി, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഹോപ് ഹോംസുകൾ പ്രവർത്തിക്കുന്നുണ്ട്. അർബുദം ഏൽപിക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളിൽനിന്ന് കുട്ടികൾക്ക് ആശ്വാസം നൽകാനായി ശിശുസൗഹൃദവും ശുചിത്വവുമുള്ള താമസസൗകര്യം, പോഷകാഹാരം, യാത്രസൗകര്യം, കുടുംബങ്ങൾക്കുള്ള താമസം, ഭക്ഷണം, കൗൺസലിങ്, വിനോദപരിപാടികൾ, ഹോം സ്കൂളിങ് തുടങ്ങിയ സൗജന്യ സേവനങ്ങളാണ് ഹോപ് നൽകുന്നത്. ഇതിനകം നാലായിരത്തിലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഹോപ്പിന്റെ സേവനങ്ങൾ ലഭിച്ചു കഴിഞ്ഞു.
സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളെ ഒന്നിപ്പിച്ച് കാൻസർ ബാധിതരായ കുട്ടികൾക്ക് കൂടുതൽ സഹായം നൽകാനായി ‘ഹോപ് കണക്ട്’ എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക പ്ലാറ്റ്ഫോമുകൾ ആരംഭിക്കുമെന്ന് ബോർഡ് അംഗങ്ങൾ അറിയിച്ചു.
ദുബൈയിൽ നടന്ന ഡയറക്ടർമാരുടെ യോഗത്തിൽ ഹാരിസ് കാട്ടകത്ത്, ഷാഫി അൽ മുർഷിദി, ഡോ. സൈനുൽ ആബിദീൻ, റിയാസ് കിൽട്ടൻ, ഷംസുദ്ദീൻ ഫൈൻടൂൾസ്, അഡ്വ. അജ്മൽ, അഡ്വ. ഹാഷിം അബൂബക്കർ, മുജീബ്, ഗോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

