അവധിക്കാലം; വീടുകളിലെ മോഷണം തടയാൻ പ്രചാരണവുമായി റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: രാജ്യം വേനലവധിയിലേക്ക് പ്രവേശിക്കുന്നതോടെ താമസ സ്ഥലങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രചാരണവുമായി റാക് പൊലീസ്. ‘മോഷ്ടാക്കളില്‍നിന്ന് വീടുകളുടെ സംരക്ഷണമെങ്ങനെ?’ എന്ന ശീര്‍ഷകത്തില്‍ കുറ്റാന്വേഷണ വകുപ്പിന്റെ സഹകരണത്തോടെ മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിന്. അവധിക്കാലത്തും വിദേശ യാത്രകളിലും താമസ കേന്ദ്രങ്ങളുടെ വിദൂര നിരീക്ഷണത്തിന് സ്മാര്‍ട്ട് കാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍, ബ്രേക്ക് റസിസ്റ്റ് സ്മാര്‍ട്ട് എന്‍ട്രി ലോക്കുകള്‍ എന്നിവ ഉപയോഗിക്കണമെന്നും വിലമതിക്കുന്ന വസ്തുക്കള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിർദേശിക്കുന്നു. യാത്രക്കൊരുങ്ങുന്നവര്‍ വീടുകളുടെ പതിവായ പരിശോധനക്ക് ബന്ധുക്കളെയും അയല്‍വാസികളെയും ചുമതലപ്പെടുത്തണം. പാചക വാതക സംവിധാനവും വൈദ്യുതി ഉപകരണങ്ങളിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന്റെയും ആവശ്യകതയും പ്രചാരണം ഓര്‍മിപ്പിക്കുന്നു. പണവും സ്വത്തും സംരക്ഷിക്കുന്നതിന് യാത്രക്ക് മുമ്പ് എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അധികൃതരുമായി സഹകരിക്കണമെന്നും റാക് പൊലീസ് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

