നിറങ്ങളിൽ നീരാടി ഇന്ത്യൻ സമൂഹം
text_fieldsദുബൈ എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ നടന്ന ഹോളി ആഘോഷത്തിൽ
കോൺസുൽ ജനറൽ അമൻപുരി
ദുബൈ: വർണങ്ങൾ വാരിവിതറിയും മധുരം വിതരണം ചെയ്തും ഹോളി ആഘോഷിച്ച് ഇന്ത്യൻ സമൂഹം. ദുബൈ എക്സ്പോ സിറ്റിയിലാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്. ഉത്തരേന്ത്യയിൽ ബുധനാഴ്ചയായിരുന്നു ഹോളി ആഘോഷമെങ്കിലും അവധിദിനം മുൻനിർത്തി ശനിയാഴ്ചയാണ് കോൺസുലേറ്റ് ആഘോഷം സംഘടിപ്പിച്ചത്. എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ നടന്ന ആഘോഷത്തിൽ 2000ത്തോളം ഇന്ത്യക്കാർ പങ്കെടുത്തു. നിറങ്ങൾ വാരിവിതറിയായിരുന്നു ആഘോഷം. പൂക്കളോടൊപ്പം ഹോളി എന്ന് അർഥം വരുന്ന ഫൂലോൻ കി ഹോളി എന്ന പേരിലാണ് ഇന്ത്യൻ കോൺസുലേറ്റ് ഹോളി ആഘോഷിച്ചത്. പേരിനെ അന്വർഥമാക്കും വിധം ജൂബിലി പാർക്കിൽ പൂക്കളാൽ അലങ്കരിച്ചിരുന്നു.
സംഗീതസന്ധ്യയും അരങ്ങേറി. കോൺസുൽ ജനറൽ ഡോ. അമൻപുരിയും ആഘോഷങ്ങളിൽ പങ്കാളിയായി. ഹോളി ആഘോഷത്തിന് വേദിയൊരുക്കിയ എക്സ്പോ സിറ്റിക്ക് നന്ദി അറിയിക്കുന്നതായും വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഒത്തുചേരലാണ് ഹോളിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ ദീർഘകാല സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലെ വൈവിധ്യമാർന്ന അടുപ്പത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷത്തിന് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എക്സ്പോ സിറ്റി ചീഫ് എൻഗേജ്മെന്റ് ഓഫിസർ മനാൽ ബിൻത് അൽ ബനത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

