അത്യാധുനികമാകാൻ അബൂദബി പൊലീസ്
text_fieldsഅബൂദബി: അബൂദബി പൊലീസിന് നൂറാം വാർഷികം ആഘോഷിക്കണമെങ്കിൽ ഇനിയും നാൽപത് വർഷം കൂടി കാത്തിരിക്കണം. ജൻമശതാബ്ദിയിൽ സേനയുടെ രൂപം എങ്ങനെയായിരിക്കുമെന്നതിന് വ്യക്തമായ രൂപരേഖ ഒരുക്കിയിരിക്കുകയാണ് അവർ. കഴിഞ്ഞ ഏതാനും മാസങ്ങളായി യൂണിഫോം, ബാഡ്ജ്, വാഹനങ്ങളുടെ നിറം എന്നിവയെല്ലാം മാറ്റി പുതിയ രൂപഭാവാഹാദികൾ നേടിയ പൊലീസിന് മുന്നിൽ ഇനിയുള്ളത് വലിയ ലക്ഷ്യങ്ങളാണ്. 2057 ആകുേമ്പാൾ പൊലീസ് വാഹനങ്ങളെല്ലാം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നവയായിരിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത പൊലീസ് ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനെത്തും.
രണ്ട് പേരെ ഒരേസമയം കൊണ്ടുപോകാർ കഴിവുള്ളവയായിരിക്കും ഇൗ ഡ്രോൺ ആംബുലൻസുകൾ. യാത്രയിലുടനീളം രോഗികളുടെ സ്ഥിതി വാഹനം ആശുപത്രിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യും. അബൂദബി പൊലീസിെൻറ മൊബൈൽ ആപ്പിലൂടെ സഹായം ആവശ്യപ്പെടുന്നവർക്ക് ബാറ്ററിയിലോടുന്ന ഒാേട്ടാ പൈലറ്റ് ഇലക്ട്രിക് കാറുകൾ സഹായത്തിനെത്തും. നിലവിൽ അഞ്ച് ഹൈഡ്രജൻ കാറുകൾ വാങ്ങാനുള്ള നീക്കത്തിലാണ് സേന. 2018 ഒാടെ ഇവ ലഭിക്കും. 2020 ഒാടെ സ്വയം നിയന്ത്രിത പൊലീസ് കാറുകൾ എത്തും. പൊലീസിനായി സ്പേസ് സയൻസ് ലാബും അധികം വൈകാതെ സ്ഥാപിക്കുന്നുണ്ട്. ഭാവിയിൽ ഇൻറർനെറ്റ് സൗകര്യമുള്ള യൂണിഫോം ആയിരിക്കും 10 ശതമാനം പൊലീസുകാർ ധരിക്കുന്നത്. 25 ശതമാനം അബൂദബി ജയിലുകൾ ഇന്നൊവേഷൻ സെൻററുകളാകും. പൊലീസിെൻറ പക്കലുള്ള പകുതി കെട്ടിടങ്ങളും വൈദ്യുതി ഉൽപാദിപ്പിച്ചു തുടങ്ങും. പത്ത് ശതമാനം വാഹനങ്ങൾ ഡ്രൈവർ ഇല്ലാത്തവയുമാകും.