ഹിറ്റ് എഫ്.എം 21ന്റെ നിറവിൽ
text_fieldsഹിറ്റ് എഫ്.എം ആർ.ജെമാർ അതിഥികൾക്കൊപ്പം
ദുബൈ: ശ്രോതാക്കളുടെ ഇഷ്ട റേഡിയോ ചാനലായ ഹിറ്റ് 96.7 എഫ്.എം ജനപ്രിയതയുടെ 21 ആണ്ടുകൾ പിന്നിടുന്നു. ഒരു മാസം നീണ്ട വാർഷികാഘോഷങ്ങളുടെ ഭാഗമായി രസകരമായ ഗെയിമുകളും ആക്ടിവിറ്റികളുമാണ് ഹിറ്റ് എഫ്.എം ശ്രോതാക്കൾക്കായി ഒരുക്കിയത്.2004ൽ അറബ് മീഡിയ ഗ്രൂപ്പിന്റെ ഭാഗമായി നിലവിൽവന്നത് മുതൽ ദുബൈയിലെ മലയാളികളുടെയും ദക്ഷിണേന്ത്യക്കാരുടെയും സാംസ്കാരിക തുടിപ്പായി തുടരുകയാണ് ഹിറ്റ് 96.7 എഫ്.എം. തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്ന മലയാള ഹിറ്റ് ഗാനങ്ങളും, ജനപ്രിയ തമിഴ് പാട്ടുകളും മണിക്കൂർ ഇടവിട്ടുള്ള ന്യൂസ് അപ്ഡേറ്റുകളും കൂടാതെ വിനോദവും വിജ്ഞാനവും പകരുന്ന മറ്റനവധി പരിപാടികളുമായി ശ്രോതാക്കളുടെ നിത്യജീവിതത്തിന്റെ ഭാഗവും വിശ്വസ്ത പങ്കാളിയുമായി ഹിറ്റ് എഫ്.എം മാറി. ഊർജസ്വലരും വാചാലരുമായ കഴിവുറ്റ അവതാരകർ തന്നെയാണ് റേഡിയോയുടെ തുടർച്ചയായ വിജയത്തിന് പിന്നിൽ.
മിഥുൻ രമേശ്, നൈല ഉഷ, അർഫാസ് ഇഖ്ബാൽ, ജീൻ മാർക്കോസ്, മായാ കർത്ത, നിമ്മി, ഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്നതാണ് ആർ.ജെ സംഘം. പ്രമുഖ മാധ്യമപ്രവർത്തകരും സാഹിത്യ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുമായ ഷാബു കിളിത്തട്ടിലും ആർ.ജെ ഫസലുവും ആണ് വാർത്താ വിഭാഗത്തിന്റെ കരുത്ത്.വൈവിധ്യമാർന്ന പരിപാടികളും സമ്മാനങ്ങളുമായാണ് ഒരു മാസം നീണ്ട വാർഷികാഘോഷം കടന്നുപോയത്. സ്വർണക്കട്ടികളും ഒരു വർഷത്തേക്കുള്ള ഗ്രോസറിയും മറ്റു ഉൽപന്നങ്ങൾക്കുമുള്ള വൗച്ചറുകളുമൊക്കെ ഉൾപ്പെടുന്നതായിരുന്നു സമ്മാനങ്ങൾ. ഓ ഗോൾഡ് വാലെറ്റ്, നെല്ലറ ഫുഡ് പ്രോഡക്ട്സ്, അൽ മദീന ഹൈപ്പർ മാർക്കറ്റ് എന്നിവയായിരുന്നു കാമ്പയിന്റെ മുഖ്യ പ്രായോജകർ. ആഡ് ആൻഡ് എം ഇന്റർനാഷനൽ അഡ്വർടൈസിങ് ആൻഡ് ഇവന്റ്സിന്റെ സഹകരണത്തോടെയായിരുന്നു വാർഷിക പരിപാടികൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

