പിറന്നത് ചരിത്രം; ട്രംപിന് ലഭിച്ചത് വൻ സ്വീകരണം
text_fieldsഅബൂദബി: ദ്വിദിന സന്ദർശനത്തിന് യു.എ.ഇയിലെത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയിൽ ലഭിച്ചത് വൻ സ്വീകരണം. ട്രംപിനെ സ്വീകരിക്കാനും യാത്രയയക്കാനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തന്നെ നേരിട്ട് എത്തിയിരുന്നു. വാണിജ്യ, വ്യാപാര, നിക്ഷേപ കരാറുകൾക്കപ്പുറം, വ്യാഴം, വെള്ളി ദിനങ്ങളിലെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു.
വ്യാഴാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെയാണ് എയർഫോഴ്സ് വൺ വിമാനത്തിൽ ട്രംപ് അബൂദബിയിലെത്തിയത്. പരമ്പരാഗത വാദ്യമേളങ്ങളോടെയായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം. പിന്നീട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ച ശേഷം ഖസ്ർ അൽ വത്ൻ കൊട്ടാരത്തിൽ ട്രംപിനായി പ്രത്യേക അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദുമായുള്ള ദീർഘകാലത്തെ ബന്ധത്തെ പ്രശംസിച്ച ട്രംപ്, അദ്ദേഹത്തെ മികച്ച കാഴ്ചപ്പാടുള്ള നേതാവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സന്ദർശനത്തിനിടെ ഖസ്ർ അൽ വത്നിൽ ഒരുക്കിയ ചടങ്ങിൽ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ ട്രംപിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമ്മാനിക്കുകയും ചെയ്തു.
യു.എ.ഇയും യു.എസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും, പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ ട്രംപുമായി ചർച്ച നടത്തി. പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം എല്ലാ തലങ്ങളിലും മുന്നോട്ടു കൊണ്ടുപോകുന്നതിൽ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
അധികാരമേറ്റതിനുശേഷം യു.എ.ഇ-യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 50 വർഷത്തിലേറെയായി ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം, ബഹുമാനം, പരസ്പര താൽപര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും ആസ്വദിച്ചുവരുകയാണ്. മിഡിൽ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എ.ഇയുടെ ദീർഘകാല ശ്രമങ്ങളുടെ വെളിച്ചത്തിൽ, യു.എസുമായി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച യു.എ.ഇ-യു.എസ് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും വിവിധ സന്ദർശനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത ശേഷമാണ് ട്രംപ് മടങ്ങിയത്. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും ട്രംപിനെ യാത്രയയക്കാൻ എത്തിയിരുന്നു.
പദവിയിലിരിക്കെ യു.എ.ഇ സന്ദർശിക്കുന്ന രണ്ടാമത്തെ യു.എസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 2008ൽ ജോർജ് ഡബ്ല്യു. ബുഷാണ് അവസാനമായി യു.എ.ഇ സന്ദർശിച്ചത്. ട്രംപ് രണ്ടാമതാണ് യു.എ.ഇയിൽ എത്തുന്നത്. 2014ൽ സ്വകാര്യ സന്ദർശനത്തിനായി അദ്ദേഹം യു.എ.ഇയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

