ചരിത്രം കുറിച്ച് ‘ഡിജിറ്റൽ ദിർഹ’മിൽ ആദ്യ ഇടപാട്
text_fieldsദുബൈ: സാമ്പത്തിക മേഖലയിലെ ഭാവി മാറ്റങ്ങൾ മുന്നിൽക്കണ്ട് യു.എ.ഇ അവതരിപ്പിച്ച ഡിജിറ്റൽ കറൻസിയായ ‘ഡിജിറ്റൽ ദിർഹ’മിൽ ആദ്യ രാജ്യാന്തര ഇടപാട് പൂർത്തിയായി. ചൈനയിലേക്ക് അഞ്ചു കോടി ദിർഹം അയച്ചുകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് ഉദ്ഘാടന ഇടപാട് പൂർത്തിയാക്കിയത്. അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടന്ന യു.എ.ഇ സെൻട്രൽ ബാങ്കിന്റെ സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ ‘എംബ്രിഡ്ജ്’എന്ന പ്ലാറ്റ്ഫോം വഴിയാണ് ചൈനയിലേക്ക് ഡിജിറ്റൽ കറൻസി അയച്ചത്.
ചടങ്ങിൽ ധനകാര്യ മേഖലയിലേക്ക് സ്വദേശികളുടെ എണ്ണം വർധിപ്പിക്കുന്നതിന് നടപ്പാക്കിയ ‘ഇഥ്റാ’പദ്ധതി പൂർത്തിയാക്കിയ 1056 ആദ്യ ബാച്ചിന്റെ ബിരുദദാനവും നടന്നു. പദ്ധതി നടപ്പാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച സെൻട്രൽ ബാങ്ക്, എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് എന്നിവിടങ്ങളിലെ ജീവനക്കാരെയും ‘ഇഥ്റാ’പ്രോഗ്രാമിലെ ബിരുദധാരികളെയും ശൈഖ് മൻസൂർ അഭിനന്ദിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഡിജിറ്റൽ കറൻസി നടപ്പാക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് കഴിഞ്ഞ വർഷം തീരുമാനമെടുത്തിരുന്നു. ഇതിനായി അബൂദബിയിലെ ജി42 ക്ലൗഡുമായും ഡിജിറ്റൽ ഫിനാൻസ് സേവനദാതാക്കളായ ആർ-3യുമായും അടിസ്ഥാന സൗകര്യ, സാങ്കേതിക സേവനം ലഭിക്കുന്നതിന് ബാങ്ക് കരാർ ഒപ്പിടുകയുമുണ്ടായി. പണരഹിത സമൂഹത്തിലേക്കുള്ള ഒരു ചുവട് എന്നതോടൊപ്പം ആഭ്യന്തരവും രാജ്യാന്തരവുമായ പണമിടപാടുകൾ എളുപ്പമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ പണമിടപാട് ചാനലുകൾ രൂപപ്പെടുന്നത് യു.എ.ഇയിലെ സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതും ലക്ഷ്യമിടുന്നു. 2023 ഫെബ്രുവരിയിൽ സെൻട്രൽ ബാങ്ക് ആരംഭിച്ച ധനകാര്യ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതിയുടെ ഒമ്പത് സംരംഭങ്ങളിൽ ഒന്നായാണ് പദ്ധതി നടപ്പാക്കിയത്.
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ക്രിപ്റ്റോ കറൻസികളുടെ വർധിച്ചുവരുന്ന ജനപ്രീതിയുടെ സാഹചര്യത്തിൽ ഡിജിറ്റൽ കറൻസികൾ നടപ്പാക്കുന്നത് പരിശോധിച്ചുവരുന്നുണ്ട്. പ്രധാനമായും റീട്ടെയിൽ, സ്ഥാപന നിക്ഷേപകർക്കിടയിലാണ് ഇതിന് സ്വീകാര്യതയുള്ളത്. കഴിഞ്ഞ വർഷം പുറത്തുവന്ന കണക്കുകൾ പ്രകാരം 65 രാജ്യങ്ങളിൽ ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിന് ആലോചനകളുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച 18 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയും ഉൾപ്പെടും. ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഇന്ത്യ, ജപ്പാൻ, ജോർഡൻ, കസാക്സ്താൻ, ലാവോസ്, മോണ്ടിനെഗ്രോ, ഫിലിപ്പീൻസ്, റഷ്യ, സൗദി അറേബ്യ, തുർക്കിയ, യുക്രെയ്ൻ, യു.കെ, യു.എസ് എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.