കുതിരയോട്ട മത്സരത്തിൽ ചരിത്രവിജയം; വേഗതയിൽ കരുത്തുകാട്ടി വീണ്ടും നിദ
text_fieldsനിദ അൻജും
ദുബൈ: അറേബ്യൻ മണലാരണ്യത്തിലെ പ്രതികൂല കാലാവസ്ഥയിലും ആവേശകരമായ കുതിരപ്പടയോട്ട പാളയത്തിൽ ഇന്ത്യയുടെ പെൺകരുത്ത് ഒരിക്കൽ കൂടി അടയാളപ്പെടുത്തി മലയാളിയായ നിദ അൻജും ചേലാട്ട് . ദുബൈ കിരീടാവകാശിയുടെ പേരിലുള്ള 120 കിലോമീറ്റർ ദൈർഘ്യമുള്ള എൻഡുറൻസ് റൈഡിൽ, വെല്ലുവിളികൾ നിറഞ്ഞ മരുഭൂമിയിലൂടെ നിദ നടത്തിയ കുതിപ്പ് ചരിത്രപരമായ രണ്ടാം സ്ഥാനത്താണ് അവസാനിച്ചത്.
‘റേസർബാക്ക് വിങ്‌സ് ഓഫ് ഗ്രേസ്’ എന്ന കരുത്തനായ കുതിരപ്പുറത്ത് നിദ നടത്തിയ പടയോട്ടം കായിക ചരിത്രത്തിലെ പുതിയ അധ്യായമായി മാറി. വനിതകൾക്കായി കഴിഞ്ഞ ദിവസം ദുബൈയിൽ നടത്തിയ മത്സരത്തിലാണ് നിദ മികച്ച നേട്ടം കൈവരിച്ചത്. അത്യന്തം കഠിനമായ നാല് ലൂപ്പുകളിലൂടെയാണ് 120 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയത്. കണിശമായ വെറ്ററിനറി പരിശോധനകൾക്ക് വിധേയമായി നടന്ന മത്സരത്തിൽ പങ്കെടുത്ത 98 കുതിരകളിൽ 35 എണ്ണത്തിന് മാത്രമാണ് ഫിനിഷിങ് പോയിന്‍റിൽ എത്താനായത്. മത്സരത്തിന്‍റെ കാഠിന്യം കാരണം 63 പേർ പുറത്തായി.
നിശ്ചിത വേഗത നിലനിർത്തുന്നതിലും അവസാന ഘട്ടത്തിലെ കുതിപ്പിലും നിദ പുലർത്തിയ മികവാണ് പോഡിയം ഫിനിഷിലേക്ക് വഴിതെളിച്ചത്. കിലോമീറ്ററുകൾ ദൈർഘ്യമുള്ള മത്സരപാതയിൽ കുതിരക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണമെന്നതായിരുന്നു ചാമ്പ്യൻഷിപ്പിലെ പ്രധാന വെല്ലുവിളി. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും. കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റാൽ റൈഡർ പുറത്താകും.
കുതിരയുടെ കായികക്ഷമത നിലനിർത്തി നാലുഘട്ടവും പൂർത്തിയാക്കിയ നിദ, 40 കിലോമീറ്റർ ദൂരമുള്ള ആദ്യ ലൂപ്പിൽ മണിക്കൂറിൽ 28.1 കിലോമീറ്റർ വേഗതയിൽ മൂന്നാം സ്ഥാനവും രണ്ടും മൂന്നും ലൂപ്പുകളിൽ (35 കി.മീ , 25 കി.മീ) ഒന്നാം സ്ഥാനവും നാലാം ലൂപ്പിൽ (20 കി.മീ) രണ്ടാം സ്ഥാനവും നേടിയാണ് തന്‍റെ റെക്കോർഡ് പട്ടികയിൽ ഒരാധ്യായം കൂടി കൂട്ടിചേർത്തത്.
നിലവിൽ ഇന്ത്യൻ എൻഡുറൻസ് റൈഡിങ് രംഗത്തെ ശ്രദ്ധേയമായ പല റെക്കോർഡുകളും നിദയുടെ പേരിലുണ്ട്. 160 കി.മീ ദൈർഘ്യമുള്ള എഫ്.ഇ.ഐ എൻഡുറൻസ് ലോക ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ഇന്ത്യൻ താരമാണ് നിദ. സീനിയർ, ജൂനിയർ ലോക ചാമ്പ്യൻഷിപ്പുകൾ പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതയും ത്രീ-സ്റ്റാർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയുമാണ്.
അബുദാബി എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് സ്വേർഡ് പുരസ്കാരവും നിദ മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. മലപ്പുറം തിരൂർ സ്വദേശിയായ നിദ അൻജും ജനിച്ചതും വളർന്നതും പഠിച്ചതും കുതിര സവാരിയിൽ പരിശീലനം നേടിയതുമെല്ലാം ദുബൈയിലാണ്. റീജൻസി ഗ്രൂപ്പ് തലവനും ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ഉപാധ്യക്ഷനുമായ ഡോ. അൻവർ അമീൻ ചേലാട്ടിന്‍റെയും മിന്നത്ത് അൻവർ അമീന്‍റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

