Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രനേട്ടം; യു.എ.ഇ പാസ്‌പോർട്ട് ലോകത്ത് രണ്ടാം സ്ഥാനത്ത്

text_fields
bookmark_border
ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിപ്പ്​
ചരിത്രനേട്ടം; യു.എ.ഇ പാസ്‌പോർട്ട് ലോകത്ത് രണ്ടാം സ്ഥാനത്ത്
cancel

ദുബൈ: ആഗോള റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ചരിത്രം കുറിച്ച്​ യു.എ.ഇ പാസ്‌പോർട്ട്. കഴിഞ്ഞ 20 വർഷത്തിനിടെ വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയാണ്​ ഈ മിന്നുംനേട്ടം സ്വന്തമാക്കിയത്​. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡേറ്റയെ അടിസ്ഥാനമാക്കി ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തുവിട്ട 2026 ജൂലൈയിലെ ഏറ്റവും പുതിയ റാങ്കിങ്​ പ്രകാരമാണിത്. 188 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയില്ലാതെ പ്രവേശനം നൽകുന്ന യു.എ.ഇ പാസ്‌പോർട്ട്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്.

2006ൽ ലോക റാങ്കിങ്ങിൽ മധ്യനിരയിലായിരുന്ന യു.എ.ഇ പാസ്‌പോർട്ട് ഉടമകൾക്ക് അന്ന്​ 35 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു വിസ രഹിത പ്രവേശനം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 153 പുതിയ രാജ്യങ്ങളെക്കൂടി പട്ടികയിൽ കൂട്ടിച്ചേർത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പാണ് യു.എ.ഇ നടത്തിയത്. സുസ്ഥിരമായ നയതന്ത്ര ബന്ധങ്ങൾ, ശക്തമായ സാമ്പത്തിക പങ്കാളിത്തം, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് ഈ അഭിമാന നേട്ടത്തിന് വഴിയൊരുക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ 20 വർഷത്തിനിടെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സ്ഥാനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2006ൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കൻ പാസ്‌പോർട്ട് നിലവിൽ 180 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു.കെ ആറാം സ്ഥാനത്തും കാനഡ ഏഴാം സ്ഥാനത്തുമാണ്. 187 രാജ്യങ്ങളിൽ വിസ രഹിത പ്ര​വേശനമുള്ള സ്വീഡനാണ്​ റാങ്കിങ്ങിൽ മൂന്നാമത്​.

ലോകത്ത് പാസ്‌പോർട്ട് ശേഷിയിൽ മുന്നിലുള്ള രാജ്യങ്ങളും പിന്നിലുള്ള രാജ്യങ്ങളും തമ്മിലുള്ള വിടവ് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പട്ടികയിൽ ഏറ്റവും താഴെയുള്ള അഫ്ഗാനിസ്ഥാൻ പൗരന്മാർക്ക് 22 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക. ഒന്നാമതുള്ള സിംഗപ്പൂരുമായി താരതമ്യം ചെയ്യുമ്പോൾ 170 രാജ്യങ്ങളുടെ വലിയ വ്യത്യാസമാണുള്ളത്. സിറിയ, ഇറാഖ്, യെമൻ, പാകിസ്താൻ, സോമാലിയ എന്നിവയാണ് അഫ്ഗാനൊപ്പം പട്ടികയിൽ ഏറ്റവും പിന്നിലുള്ള മറ്റ് രാജ്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Historic achievement; UAE passport ranks
Next Story