റാക് ജയ്സ് മലനിരയില്‍ ഹൈക്കിങ്, ബൈക്കിങ് പാതകള്‍ നിര്‍മിക്കും
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ പർവതങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ വികസിപ്പിക്കാനും ജബല്‍ ജയ്സ് മലനിര കേന്ദ്രീകരിച്ച് പ്രത്യേക ഹൈക്കിങ്, ബൈക്കിങ് പാതകള്‍ നിര്‍മിക്കുന്നതിനുമുള്ള പദ്ധതിയുമായി റാക് മര്‍ജാന്‍. അടുത്ത അഞ്ച് വര്‍ഷങ്ങളിലെ വികസന പ്രവൃത്തികളില്‍ 100 കിലോ മീറ്റര്‍ ഹൈക്കിങ്, ബൈക്കിങ് പാത ഉള്‍പ്പെടുന്നതാണെന്ന് മര്‍ജാന്‍ ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി പറഞ്ഞു.
മര്‍ജാനും റാക് ഹോസ്പിറ്റാലിറ്റി ഹോള്‍ഡിങ്ങും (റാക് എച്ച്.എച്ച്) തമ്മിലുള്ള തന്ത്രപരമായ ലയന അറിയിപ്പിന് പിറകെയാണ് റാക് ഹജര്‍ പർവതനിര കേന്ദ്രീകരിച്ച് പുതിയ വിനോദ കേന്ദ്ര വികസന പദ്ധതികളുടെ പ്രഖ്യാപനം. ഇരു സ്ഥാപനങ്ങളും മര്‍ജാന്‍ കീഴിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക. റിയല്‍ എസ്റ്റേറ്റ് വികസനം, ഹോസ്പിറ്റാലിറ്റി, ജീവിത ശൈലി അനുഭവങ്ങള്‍ എന്നിവ ഒരു സ്ഥാപനത്തിന് കീഴില്‍ കൊണ്ടുവരുകയാണ് ലയന ലക്ഷ്യം. നിക്ഷേപം, ടൂറിസം, താമസ-സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിനും ലയനം സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സുസ്ഥിര അഭിവൃദ്ധിക്കായുള്ള റാസല്‍ഖൈമയുടെ ലക്ഷ്യങ്ങളെ ലയനം പിന്തുണക്കുമെന്ന് മര്‍ജാന്‍ ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ സുഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദേശീയ കഴിവുകള്‍ വികസിപ്പിക്കുകയും അവസരങ്ങളുടെയും നവീകരണത്തിന്റെയും കേന്ദ്രമായി എമിറേറ്റ് ഉയര്‍ത്തപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

