ഹിജ്‌റ പുതുവത്സരം; പൊതു-സ്വകാര്യ മേഖലകൾക്ക് അവധി
text_fieldsദുബൈ: 1448-ാം ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് 2026 ജൂൺ 15 തിങ്കളാഴ്ച ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്‍റ് ഹ്യൂമൻ റിസോഴ്‌സസും മാനവവിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയവും ചേർന്നാണ് അവധി പ്രഖ്യാപിച്ചത്.
യു.എ.ഇ കാബിനറ്റ് അംഗീകരിച്ച 2026ലെ ഔദ്യോഗിക അവധിദിനങ്ങളുടെ പട്ടികക്ക് അനുസൃതമായാണ് ഈ തീയതി സ്ഥിരീകരിച്ചത്. ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹർറം ഒന്നാം തീയതിയാണ് പുതുവത്സരം. അവധിക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ച മുതൽ സാധാരണ പ്രവൃത്തിസമയം പുനരാരംഭിക്കും. അവധി തിങ്കളാഴ്ച വരുന്നതിനാൽ, ശനി-ഞായർ വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും, തിങ്കളാഴ്ചത്തെ പൊതുഅവധി കൂടി ചേരുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ വലിയ അവധി ലഭിക്കും. യു.എ.ഇയിലെ ഈ വർഷത്തെ ഏറ്റവും നീളമേറിയ പൊതുഅവധിയായ ബലിപെരുന്നാൾ അവധിക്ക് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ ഒമ്പത് ദിവസത്തെയും, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആറു ദിവസത്തെയും അവധി ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

