ഫുജൈറ വിമാനത്താവളത്തിൽ ഹെറോയിൻ കടത്ത് തടഞ്ഞു
text_fieldsഫുജൈറ: ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി ഹെറോയിൻ കടത്താനുള്ള ശ്രമം തടഞ്ഞു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയിലെ (ഐ.സി.പി) ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് വിമാനത്താവള അധികൃതരുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കടത്താനുള്ള ശ്രമം തടഞ്ഞത്. ഡയറ്ററി സപ്ലിമെന്റിന് അകത്ത് ഒളിപ്പിച്ചാണ് കടത്തിന് ശ്രമിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധനക്ക് ഏർപ്പെടുത്തിയ സ്മാർട്ട് സാങ്കേതികവിദ്യകളുടെ കാര്യക്ഷമതയും കസ്റ്റംസ് പരിശോധന ഉദ്യോഗസ്ഥരുടെ മികവുമാണ് കള്ളക്കടത്ത് തടയൽ അടയാളപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യക്കാരനാണ് സംഭവത്തിൽ കസ്റ്റംസ് പിടിയിലായിരിക്കുന്നത്. ജന്മനാട്ടിൽനിന്ന് യു.എ.ഇയിലേക്ക് വരുന്നതിനിടെയാണ് ഇയാളുടെ കൈയിൽനിന്ന് ഹെറോയിൻ പിടിച്ചെടുത്തത്. യാത്രക്കാരന്റെ ലഗേജിൽ വലിയ അളവിൽ ഡയറ്ററി സപ്ലിമെന്റ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയത്. 100 കണ്ടെയ്നർ പാക്കുകളിലായി 6000 സപ്ലിമെന്റ് കാപ്സ്യൂളുകളും 70 ഡയറ്ററി സപ്ലിമെന്റുകളുടെ ബാഗുകളുമാണ് ഉണ്ടായിരുന്നത്. നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കാപ്സ്യൂളുകളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് അധികൃതർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ഉദ്യോഗസ്ഥരുടെ ജാഗ്രതക്കും വൈദഗ്ധ്യത്തിനും തെളിവാണ് കള്ളക്കടത്ത് ശ്രമം വിജയകരമായി പരാജയപ്പെടുത്തിയതെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധ മയക്കുമരുന്ന് കണ്ടെത്തുന്നതിൽ ആധുനിക സ്മാർട്ട് ഉപകരണങ്ങളുടെ നിർണായക പങ്കും വളരെ പ്രധാനമാണ്. അതുവഴി സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കുകയും കള്ളക്കടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

