വേറിട്ട കാഴ്ചയായി 'ഹീറോസ് ഓഫ് ഹോപ്'ഫുട്ബാൾ
text_fields‘ഹീറോസ് ഓഫ് ഹോപ്’ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത ക്ലാരൻസ് സീഡോഫ് കുട്ടികൾക്കൊപ്പം
ദുബൈ: ആഘോഷവും ആരവവും ഉയർന്നുപൊങ്ങുന്ന എക്സ്പോയിൽ കഴിഞ്ഞ ദിവസം വേറിട്ടൊരു ഫുട്ബാൾ മത്സരം അരങ്ങേറി. ടീമുകളിൽ അണിനിരന്നത് ഭിന്നശേഷിക്കാരായ കുട്ടികളാണ് എന്നതാണ് ഈ മത്സരത്തിെൻറ പ്രത്യേകത.
'ഹീറോസ് ഓഫ് ഹോപ്'എന്ന പേരിലായിരുന്നു ഈ വേറിട്ട ഫുട്ബാൾ മത്സരം നടന്നത്. ദൃഢനിശ്ചയ വിഭാഗത്തിൽപെട്ടവരുടെ മത്സരം എക്സ്പോ വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിലെ സ്പോർട്സ് ഹബ്ബിലാണ് സംഘടിപ്പിച്ചത്. സാധാരണക്കാരിൽനിന്ന് വേറിട്ട കഴിവുകളുള്ളവരെന്ന നിലയിലാണ് 'ഹീറോസ് ഓഫ് ഹോപ്'അഥവാ പ്രതീക്ഷയുടെ നായകന്മാർ എന്ന പേരിൽ മത്സരം സംഘടിപ്പിച്ചത്.
ദുബൈ എക്സ്പോയിലെ മൈതാനത്ത് പന്തുതട്ടാനിറങ്ങിയ ഈ കുട്ടികളുടെ ഇടയിലേക്ക് ഡച്ച് ഫുട്ബാൾ താരം ക്ലാരൻസ് സീഡോഫ് എത്തിയത് മത്സരത്തിന് ആവേശം പകർന്നു.
കുട്ടികളുമായി പുതിയ ഫുട്ബാൾ പാഠങ്ങൾ പങ്കുവെക്കാനും കളിക്കാനും സീഡോഫ് സമയം കണ്ടെത്തി. അന്താരാഷ്ട്ര താരത്തിെൻറ പന്തടക്കത്തെ വെല്ലുവിളിച്ചും ഗോൾ ശ്രമങ്ങൾ പാഴാക്കിയുമെല്ലാം കുട്ടികൾ കളി ആവേശകരമാക്കി.
ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരാനും സമാധാനം ഉറപ്പാക്കാനും ഫുട്ബാൾ പോലുള്ള കായിക വിനോദങ്ങൾക്ക് കരുത്തുണ്ടെന്ന് കരുതുന്ന ഫുട്ബാൾ പ്രേമിയാണ് താനെന്ന് ക്ലാരൻസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾക്ക് പുതിയ ഫുട്ബാൾ അടവുകൾ പകർന്നുനൽകിയും അവർക്ക് ജഴ്സികളിൽ ഓട്ടോഗ്രാഫ് നൽകിയും ഏറെ നേരം ക്ലാരൻസ് പ്രതീക്ഷകളുടെ നായകന്മാർക്കൊപ്പം ചെലവിട്ടാണ് എക്സ്പോ മൈതാനിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

