ഹലോ..ഐ ആം ദുബൈ ഡൈനോ
text_fieldsദുബൈ ഡൈനോ
ദുബൈ മാൾ സന്ദർശകർക്ക് അധികൃതർ ഒരുക്കിയ ഒരു വിസ്മയമാണ് ദുബൈ ദൈനോ എന്ന് പേരിട്ട ഒരു കൂറ്റൻ ദൈനോസറിന്റെ അസ്ഥികൂടം. 25 അടി(7.6 മീറ്റർ) ഉയരവും 80 അടി(24 മീറ്റർ) നീളവുമുള്ള, ഒരുകാലത്ത് ഭൂമിയിൽ ജീവിച്ചിരുന്ന, ഈ ദൈനോസറിനെ കാണാൻ നിരവധി ആളുകളാണ് ദിനേന മാളിൽ എത്തുന്നത്. പ്രദർശിപ്പിച്ചതിനടുത്തായി ഈ ദൈനോയുടെ ചില വിശേഷങ്ങൾ സന്ദർശകർക്ക് വായിച്ചെടുക്കാം. അവയിൽ ചിലത്:
1. ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് 2008ൽ അമേരിക്കയിലെ വയോമിങ്ങിലെ ദാന ക്വാറിയിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നത്. ഏതാണ്ട് 360 ഓളം വരുന്ന മുഴുവൻ എല്ലുകളും കേടുപാട് കൂടാതെയാണ് കാണപ്പെട്ടിരുന്നത്.
2. രണ്ടു വർഷത്തെ കഠിനപ്രയത്നത്തിനൊടുവിലാണ് ഇതിന്റെ ഉദ്ഖനനം പൂർത്തിയാക്കാൻ സാധിച്ചത്. പിന്നീട് ഇത് ദുബൈയിൽ എത്തിക്കുകയായിരുന്നു.
3. ഇര തേടിയും ശത്രുവിൽ നിന്ന് രക്ഷ തേടിയും എത്തുന്ന ജീവികൾ അകപ്പെട്ടു പോകുന്ന പ്രകൃതിപരമായ ഒരു കെണിയാണ് ദാന ക്വാറിയുടെ സവിശേഷത. ഈ ദൈനോ ഇവിടെയുണ്ടായ വരൾച്ചയിൽ മരണപ്പെട്ടതാകാമെന്നാണ് വിദഗ്ധരുടെ നിഗമനം.
4. വാലറ്റത്തിലുള്ള എല്ലുകളിൽ ചില പരിക്കുകളിൽ കാണപ്പെട്ടത് ശത്രുവുമായുള്ള ഏറ്റുമുട്ടലിൽ ആണെന്ന് കണക്കാക്കപ്പെടുന്നു. ചാട്ട കണക്കെ ശക്തമായും വേഗത്തിലും ചലിപ്പിക്കാൻ കഴിയുന്ന വാലാണ് ഇവയുടെ പ്രധാന ആയുധം.
5. അഞ്ച് ആനകളുടെ തൂക്കം കണക്കാക്കപ്പെടുന്ന ഇവ ശുദ്ധ സസ്യഭുക്കുകളായിരുന്നു. 155 ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ജുറാസിക് കാലഘട്ടത്തിലെ ഒടുക്കക്കാരിൽ പെട്ട ഇനമായിരുന്നു ഇത്. Diplodocidae എന്നാണ് ഈ ഫാമിലിയുടെ നാമകരണം.
6. ശരീര വലിപ്പത്തിനാനുപാതികമായല്ലാതെ, ചെറിയ തലയുള്ള ഇവയുടെ തലച്ചോറിലേക്ക് 10 മിനുട്ടിൽ ഒരിക്കൽ മാത്രം രക്തം പ്രവഹിച്ചാൽ മതിയാകും.
ദുബൈ സന്ദർശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ഈ കൂറ്റൻ ദൈനോസറിന്റെ ശേഷിക്കുന്ന ശരീരം. ഒരുകാലത്ത് ഭൂമിയിൽ വിലസിയിരുന്ന ഭീമാകാരന്മാരുടെ യാഥാർഥ്യങ്ങൾ സന്ദർശകരിൽ കൗതുകം സൃഷ്ടിക്കും എന്നതിൽ സംശയമില്ല. ഇത്തരം ചുവടുകൾ എടുക്കുന്ന ഈ രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം പ്രശംസയും അർഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

