രാജ്യത്ത് ശക്തമായ മഴ ലഭിച്ചു; വെള്ളക്കെട്ടിന് സാധ്യതാ മുന്നറിയിപ്പ്
text_fieldsമഴയിൽ റോഡും കവിഞ്ഞ് നിറഞ്ഞൊഴുകുന്ന വെള്ളം. അൽഐനിൽ നിന്നുള്ള ദൃശ്യം
ദുബൈ: ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലാണ് കാറ്റും മഴയുമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് ചില മേഖലകളിൽ കാഴ്ച പരിമിതപ്പെട്ടിരുന്നതായും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) റിപോർട്ട് ചെയ്തു.
ന്യൂന മർദത്തെ തുടർന്ന് ശനിയാഴ്ച രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതാണ് മഴ ലഭിക്കാൻ കാരണം. ശക്തമായ കാറ്റും പ്രതീക്ഷിച്ചിരുന്നു. കാറ്റു മൂലം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു മണിവരെ ദൂരക്കാഴ്ച കുറയുമെന്നും എൻ.സി.എം മുന്നറിയിപ്പു നൽകിയിരുന്നു. ദുബൈയിലെ അൽ ഖൈൽ ഗേറ്റിലുണ്ടായ മഴയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്. സിലിക്കൺ ഒയാസിസ് മേഖലകളിലും അതി രാവിലെ മഴ ലഭിച്ചതിനെ തുടർന്ന്ചില കെട്ടിടങ്ങളുടെ മുൻഭാഗത്ത് വെള്ളക്കെട്ടുമുണ്ടായി.
ഷാർജയിലെ അൽ മജാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. കാഴ്ച പരിമിതപ്പെടുന്നതിനാൽ യാത്രക്കാർക്ക് അധികൃതർ പ്രത്യേക മുന്നറിയിപ്പുകളും നൽകിയിരുന്നു. അൽഐനിലും മഴ റിപോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, എവിടെയും നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. ഗതാഗത നീക്കത്തേയും മഴ ബാധിച്ചിട്ടില്ല.
അതേസമയം, അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചിരുന്നു. റോഡുകളിൽ ജാഗ്രത പാലിക്കുക, വേഗത കുറക്കുക, വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ സന്ദർശിക്കാതിരിക്കുക, പ്രക്ഷുബ്ധമാകുന്ന വേളകളിൽ കടൽ സന്ദർശനം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് നീങ്ങുന്ന മേഘങ്ങൾ വരും ദിവസങ്ങളിലും ചില പ്രദേശങ്ങളിൽ മഴക്ക് കാരണമാകുമെന്ന് എൻ.സി.എം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

