ശക്തമായ വേനൽമഴ തുടരുന്നു; അൽഐനിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ശക്തമായ മഴ പെയ്തു
text_fieldsഅൽഐൻ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുകയാണ്. കനത്ത വേനൽച്ചൂടിനിടയിലും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അൽഐനിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചക്കു ശേഷം ശക്തമായ മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) റിപ്പോർട്ട് ചെയ്തു.
സംവഹന മേഘങ്ങൾ രൂപപ്പെടുന്നതാണ് ഒറ്റപ്പെട്ട ഭാഗങ്ങളിൽ ശക്തമായ മഴക്ക് കാരണം. ശനിയാഴ്ച രാത്രി ഒമ്പതു വരെ പല ഭാഗങ്ങളിൽ ഏറിയും കുറഞ്ഞും മഴ ലഭിച്ചു. ഇതിന്റെ ദൃശ്യങ്ങൾ എൻ.സി.എം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 28 വരെ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ മഴക്ക് സാധ്യതയുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ച താപനില നേരിയതോതിൽ കൂടിയതായി കാണാം. ഏറ്റവും കൂടിയ താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആണ്. രാജ്യത്തുടനീളം ഈർപ്പത്തിന്റെ അളവും കൂടിയിട്ടുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പം 80 മുതൽ 85 ശതമാനം വരെയാണ് രേഖപ്പെടുത്തിയത്. തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെയെത്തി.
രണ്ടാഴ്ച ചുട്ടുപൊള്ളും
ആഗസ്റ്റ് 10 വരെയുള്ള രണ്ടാഴ്ച രാജ്യത്ത് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഈ വർഷം കനത്തചൂടിന്റെ അവസാന ഘട്ടമാണിത്. ‘വഹ്റത്ത് അൽ മിർസാം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ജംറത്ത് അൽ ഖയ്സ് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ആഗസ്റ്റ് 10 വരെ ഈ കാലാവസ്ഥ നീളുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെടുന്നത്. ആഗസ്റ്റ് 10നു ശേഷം ചൂടിന്റെ കാഠിന്യം പതിയെ കുറഞ്ഞുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

