ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴ സാധ്യത
text_fieldsഅബൂദബി: അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഡിസംബർ 19 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതിനാൽ യാത്രക്കാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. വടക്കൻ, തീരപ്രദേശങ്ങളിലാണ് കൂടുതൽ മഴക്ക് സാധ്യത. വലിയ രീതിയിൽ താപനില കുറയാനും ഇടയാക്കും. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ഇടവേളകളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇത് വ്യാപകമാവും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ദ്വീപുകളിലും ശക്തമായ മഴ ലഭിച്ചേക്കും. അൽഐനിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും മഴക്ക് സാധ്യത.
പൊതുജനങ്ങൾ മഴയുടെ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും നേരത്തെ മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഞായറാഴ്ച ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വേഗത്തിലായിരിക്കുമിത്. ചില ഘട്ടങ്ങളിൽ ഇത് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കും. വരും ദിവസങ്ങളിൽ അബൂദബി, ഷാർജ എമിറേറ്റുകളിൽ താപനില 26 ഡിഗ്രി സെൽഷ്യസാകും. ദുബൈയിൽ 27 ഡിഗ്രി സെൽഷ്യസായിരിക്കും താപനില.
കുടുംബങ്ങളുമൊത്ത് പുറത്തിറങ്ങുന്നവർ അസ്ഥിര കാലാവസ്ഥ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ നടത്തണം. ഇടക്കിടെ മാറുന്ന കാലാവസ്ഥ കാരണം ഡ്രൈവർമാർ ജാഗ്രത പാലിക്കണം. പർവതമേഖലകളിലും താഴ്വരകളിലും അടിയന്തര സംഭവങ്ങൾ റിപ്പോർട്ട് ചെയ്താലും മഴക്കാലത്ത് ഉണ്ടാകുന്ന ട്രാഫിക് അപകടങ്ങളും നേരിടാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

