Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകിഴക്ക്​ മഴയുദിച്ചു;...

കിഴക്ക്​ മഴയുദിച്ചു; യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ

text_fields
bookmark_border
കിഴക്ക്​ മഴയുദിച്ചു; യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ
cancel
camera_alt

യു.എ.ഇ സ്റ്റോം സെന്‍റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച മഴദൃശ്യങ്ങളിൽനിന്ന്​ 

ദുബൈ: യു.എ.ഇയുടെ കിഴക്കൻ മേഖലയിലെ ചിലയിടങ്ങളിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമായ തോതിൽ മഴ പെയ്തു. കനത്ത വേനൽച്ചൂടിൽ ആശ്വാസമായിപ്പെയ്ത മഴയുടെ ദൃശ്യങ്ങൾ യു.എ.ഇ സ്റ്റോം സെന്‍റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സജീവമായ മഴമേഘങ്ങൾ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചതിനെത്തുടർന്നാണ്​ മഴ ലഭിച്ചത്​.

കിഴക്കൻ മേഖലയിലെ ശൗഖ റോഡ്​, അൽ വതൻ സ്​ട്രീറ്റ്​, തോക്ക റോഡ്, കൽബ​ റോഡ്​, വാദി അൽ ഹെലോ തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തതിന്‍റെയും വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നതിന്‍റെയും ദൃശ്യങ്ങൾ സ്റ്റോം സെന്‍റർ പങ്കുവെച്ചു. യാത്രികർ വാഹനങ്ങൾ നിർത്തി മഴ ആസ്വദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​.

ബുധനാഴ്ച ഉച്ചകഴിഞ്ഞ്​ 3.40നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക മഴ മുന്നറിയിപ്പ് നൽകിയത്. ചില കിഴക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മേഘങ്ങൾ രൂപപ്പെടാനും, അതിന്‍റെ ഫലമായി നേരിയതോ മിതമായതോ ആയ മഴക്കും, ചില സമയങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉച്ച 2.00 മണി മുതൽ വൈകുന്നേരം 7.30 വരെയായിരുന്നു ഈ മുന്നറിയിപ്പ് സമയം. എൻ.സി.എമ്മിന്‍റെ അപകട മാപ്പിൽ, കിഴക്കൻ മേഖലയിലെ ബാധിത പ്രദേശങ്ങളെ 'ഓറഞ്ച്' അലർട്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അപകടകരമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അലർട്ടിൽ വ്യക്​തമാക്കുന്നു.

ബുധനാഴ്ച രാവിലെ മുതൽ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിരുന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസ്​ ആയിരുന്നു. അൽ ദഫ്​റ മേഖലയിലെ ബദാ ദഫാസിൽ പുലർച്ചെ 5.45നാണ് ഈ താപനില രേഖപ്പെടുത്തിയത്.

യു.എ.ഇയുടെ കിഴക്കൻ, മലയോര മേഖലകളിൽ വേനൽക്കാലത്ത് മഴ പെയ്യാറുണ്ടെങ്കിലും, ഇത്തവണ മഴമേഘങ്ങളോടൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും ഉയർന്ന അന്തരീക്ഷ ഈർപ്പവും ഒന്നിച്ച് വരുന്നത് ശ്രദ്ധേയമായ കാലാവസ്ഥാ വ്യതിയാനമാണ്.

ഇന്നത്തെ കാലാവസ്ഥ

വ്യാഴാഴ്ച അന്തരീക്ഷം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. എങ്കിലും ഉച്ചകഴിഞ്ഞോടെ, പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ആദ്യം തെക്കുകിഴക്കൻ ദിശയിൽനിന്ന് നേരിയതോ മിതമായതോ ആയി വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാനും ഇത് പൊടിക്കാറ്റ് ഉയർത്താനും സാധ്യതയുണ്ട്. ഇത് റോഡിലെ കാഴ്ചപരിധി ഗണ്യമായി കുറച്ചേക്കാം. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും. ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.

അറേബ്യൻ ഗൾഫിൽ കടൽ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടലിലും സമാനരീതിയിൽ തിരമാലകൾ ഉയർന്നേക്കാം. കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. കാലാവസ്ഥാ ബുള്ളറ്റിനുകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.

നാളെ

മഴമേഘങ്ങളുടെ സാന്നിധ്യത്തിൽ നേരിയ കുറവുണ്ടാകുമെങ്കിലും അന്തരീക്ഷം പൂർണമായും ശാന്തമാകില്ല. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ രൂപപ്പെടും. താപനിലയിൽ നേരിയ കുറവുണ്ടാകും. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി അന്തരീക്ഷ ഈർപ്പം ഗണ്യമായി വർധിക്കും. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയും രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉയരും. വാരാന്ത്യത്തിൽ പുറത്തുപോകാൻ പദ്ധതിയിടുന്നവർ കാലാവസ്ഥ വിലയിരുത്തി മാത്രം യാത്ര ചെയ്യുക. താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും ഉള്ളവർ, വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

സുരക്ഷാ നിർദേശങ്ങൾ

  • മഴയും കാഴ്ചപരിധി കുറവുമുള്ള സമയങ്ങളിൽ റോഡിലിറങ്ങുന്ന ഡ്രൈവർമാർക്കായി എൻ.സി.എം പ്രത്യേക സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്:
  • അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രം വാഹനങ്ങൾ ഉപയോഗിക്കുക.
  • കാഴ്ചപരിധി കുറവുള്ളപ്പോൾ ഹെഡ്‌ലൈറ്റുകൾ തെളിക്കുക.
  • മറ്റ് വാഹനങ്ങളെക്കുറിച്ച് പൂർണ ബോധ്യത്തോടെ ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യുക.
  • ഔദ്യോഗിക മാധ്യമങ്ങളിലൂടെയും എൻ.സി.എമ്മിന്‍റെ പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന കൃത്യമായ വിവരങ്ങൾ മാത്രം പിന്തുടരുക. സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതിരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Heavy rain in the eastern region of the UAE
Next Story