ഫുജൈറയിൽ ശക്തമായ മഴ; കൗതുകമായി വെള്ളച്ചാട്ടം
text_fieldsശക്തമായ മഴയെ തുടർന്ന് ഫുജൈറയിൽ ദൃശ്യമായ വെള്ളച്ചാട്ടം
ദുബൈ: ന്യൂനമർദത്തെ തുടർന്ന് ഫുജൈറ എമിറേറ്റിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ച ശക്തമായ മഴ ലഭിച്ചു. മഴയെ തുടർന്ന് മലമുകളിൽ പുതുതായി ഉണ്ടായ വെള്ളച്ചാട്ടം കൗതുകമുണർത്തി. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. അതേസമയം, അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ മഴ പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നിർദേശം പറുപ്പെടുവിച്ചു.
വാഹന യാത്രക്കാർ ഇത്തരം വെള്ളച്ചാട്ടങ്ങളുടെ സമീപങ്ങളിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു. ഇടിവെട്ടുന്ന സമയങ്ങളിൽ തുറസ്സായതോ ഉയരങ്ങളിലോ നിൽക്കരുത്. ശക്തമായ കാറ്റിൽ പൊടിപെടലം ഉയരുന്നതിനാൽ കാഴ്ചക്കുറവ് അനുഭവപ്പെടാം. ഇതുമൂലം വാഹനാപകടത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസ്ഥിര കാലാവസ്ഥയെ തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തെ വടക്കു, കിഴക്കൻ മേഖലകളിൽ കൂടിയും കുറഞ്ഞുമുള്ള മഴസാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു.
ചിലയിടങ്ങളിൽ രാവിലെ 10 മുതൽ ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചവരെ കുറഞ്ഞതും നേരിയതുമായ മഴ പ്രതീക്ഷിക്കാം. ഇടവേളകളിൽ മഴ ശക്തിപ്രാപിച്ചേക്കും. ചിലയിടങ്ങളിൽ മഴയോടൊപ്പം ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. അറേബ്യൻ ഗൾഫ്, ഒമാൻ കടലുകൾ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

