വീണ്ടും ശക്തമായ മഴ; യെല്ലോ അലർട്ട്
text_fieldsറാസൽഖൈമയിലെ റോഡുകളിൽ നിന്നുള്ള മഴ ദൃശ്യം
തിങ്കളാഴ്ച പെയ്ത മഴയിൽ റാസൽഖൈമയിലെ മരുഭൂമിയിലേക്കുള്ള പാതകളിലുണ്ടായ ജലപ്രവാഹം
ദുബൈ: ചെറിയ ഇടവേളക്കുശേഷം തിങ്കളാഴ്ച രാജ്യത്ത് മിക്ക എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. റാസൽഖൈമ, ഫുെജെറ, ഷാർജ, ദുബൈ എമിറേറ്റുകളിലാണ് മഴ ലഭിച്ചത്. റാസൽഖൈമയിൽ തിങ്കളാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ മരുഭൂമികളിലേക്കുള്ള പാതകളിലും റോഡുകളിലും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാഗതതടസ്സവും അനുഭവപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റാസൽഖൈമ, ഫുജൈറ, ദുബൈ എമിറേറ്റുകളിൽ തിങ്കളാഴ്ച ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. അസ്ഥിരകാലാവസ്ഥയിൽ ജാഗ്രത പുലർത്തണമെന്നും വീടിന് പുറത്തിറങ്ങുന്നവർ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചിരുന്നു.
ഡിസംബർ 28, 29 തീയതികളിൽ വടക്ക്, കിഴക്ക് മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് എൻ.സി.എം പ്രവചിച്ചിരുന്നു. ഫുജൈറയിൽ മസാഫി, മുർബാദ്, ആസ്മാഹ്, ദുബൈയിൽ അൽ ലിസൈലി എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. റാസൽഖൈമയിൽ ശക്തമായ മഴക്കൊപ്പം ചെറിയ രീതിയിൽ ആലിപ്പഴവും വർഷിച്ചതായി എൻ.സി.എം റിപ്പോർട്ട് ചെയ്തു. ഷാർജയിൽ ഖോർഫക്കാൻ റോഡിലും മുർബാദ്-മസാഫി റോഡുകളിലും വെള്ളക്കെട്ടിനും മഴ കാരണമായി. വരുംദിവസങ്ങളിലും വടക്ക്, കിഴക്ക് മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടുകയും തുടർന്ന് ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. തീരദേശങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈകീട്ട് ആറുവരെ ഈർപ്പമുള്ള കാലാവസ്ഥ തുടരും. ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിലെ കാഴ്ച കുറക്കാൻ സാധ്യതയുള്ളതിനാൽ റോഡ് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

