കനത്ത മൂടൽമഞ്ഞ്: ദുബൈയിൽ 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
text_fieldsമൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷം
ദുബൈ: കനത്ത മൂടൽമഞ്ഞും കാഴ്ചപരിമിതിയും മൂലം വ്യാഴാഴ്ച രാവിലെ ദുബൈയിൽ 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ (ഡി.എക്സ്.ബി) അധികൃതർ അറിയിച്ചു. ദൃശ്യപരത കുറഞ്ഞത് കാരണം രാവിലെ അൽനേരം സർവിസുകൾ തടസ്സപ്പെടുകയും ചെയ്തു.
ചില സർവിസുകൾ റദ്ദാക്കുകയും ചെയ്തതായാണ് വിവരം. രാവിലെ പ്രാദേശിക സമയം ഒമ്പതിന് ഇറങ്ങേണ്ട 19 വിമാനങ്ങളാണ് തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്‍റെ വിവരങ്ങൾ അതത് എയർലൈൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് പരിശോധിച്ച് വ്യക്തത വരുത്തണമെന്ന നിർദേശവും എയർപോർട്ട് അതോറിറ്റി യാത്രക്കാർക്ക് നൽകിയിരുന്നു. രാവിലെ ശക്തമായ മൂടൽ മഞ്ഞ്മൂലം സർവിസ് വൈകുമെന്ന് ഫ്ലൈദുബൈ യാത്രക്കാരെ അറിയിച്ചിരുന്നു.
ഷാർജ വിമാനത്താവളം അധികൃതരും ഏറ്റവും അവസാനത്തെ യാത്ര ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് നിർദേശം നൽകിയിരുന്നു. അസ്ഥിര കാലാവസ്ഥ മൂലം നിരവധി സർവിസുകളെ ബാധിച്ചതായി എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബൈ, അബൂദബി, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ മൂടൽ മഞ്ഞ് മൂലം ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ശൈത്യകാലത്തിന് തുടക്കമായതോടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും രാവിലെകളിൽ മൂടൽമഞ്ഞ് വ്യാപകമാണ്. കാഴ്ചപരിമിതി അനുഭവപ്പെടുന്നതിനാൽ റോഡ് യാത്രക്കാർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും പൊലീസ്, ആർ.ടി.എ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
photo: dense fog
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

