പൊതുസ്ഥലങ്ങളില്‍ വാഹനം ഉപേക്ഷിച്ചാൽ കനത്ത പിഴ
text_fieldsഅബൂദബി: പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചു പോകുന്നതിനെതിരെ പിഴ അടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ച് അബൂദബി നഗര, ഗതാഗത വകുപ്പ്. പൊതുഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിൽ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തും.
വൃത്തിഹീനമായ നിലയില്‍ കാറുകള്‍ നിര്‍ത്തിയിട്ടുപോവുന്നതും കുറ്റകരമാണ്. അഴുക്ക് നിറഞ്ഞ വാഹനം പൊതുവിടങ്ങളില്‍ നിര്‍ത്തിയിട്ടാല്‍ 500 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 ദിര്‍ഹമായി പിഴ വര്‍ധിപ്പിക്കും. മൂന്നാം തവണയും ലംഘനം തുടര്‍ന്നാല്‍ പിഴത്തുക 2,000 ദിര്‍ഹമായി ഉയരും.
പൊതുഭംഗിക്ക് വിഘാതമാകുന്ന രീതിയിൽ വാഹനങ്ങളോ വാഹന ഭാഗങ്ങളോ ഉപേക്ഷിച്ചുപോയാല്‍ 1,000 ദിര്‍ഹമാണ് ഉടമയ്‌ക്കെതിരെ ചുമത്തുക. രണ്ടാം വട്ടവും ലംഘനമുണ്ടായാല്‍ പിഴ 2,000 ദിര്‍ഹമാക്കും. മൂന്നാം വട്ടവും നിയമലംഘനം നടത്തിയാല്‍ നാലായിരം ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. വേനല്‍ക്കാലങ്ങളില്‍ നിര്‍ത്തിയിട്ട കാറുകളില്‍ പൊടിപിടിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ താമസക്കാര്‍ കാറുകള്‍ വൃത്തിയോടെയാണ് കിടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
രൂപഭേദം വരുത്തി ശബ്ദമലിനീകരണം നടത്തിയതിന് അബൂദബിയിലും അല്‍ഐനിലുമായി ജനുവരിയില്‍ മാത്രം 106 വാഹനങ്ങള്‍ അധികൃതർ പിടിച്ചെടുത്തിരുന്നു. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് 2000 ദിര്‍ഹവും 12 ബ്ലാക്ക് പോയിന്റും ചുമത്താവുന്ന ഗുരുതര നിയമലംഘനമാണ്.
അനുമതിയില്ലാതെ വാഹനത്തിന്റെ എന്‍ജിനും മറ്റു മാറ്റംവരുത്തുന്നത് 1000 ദിര്‍ഹവും 12 ബ്ലാക്ക് പോയിന്റും ചുമത്തുന്ന നിയമലംഘനമാണ്. ഇതിനു പുറമേ ഇത്തരം വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. രൂപഭേദം വരുത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് പതിനായിരം ദിര്‍ഹമാണ് അബൂദബിയില്‍ ഈടാക്കുന്നത്. മൂന്നു മാസം കഴിഞ്ഞും വാഹനം പിഴയടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ഇവ ലേലം ചെയ്യുകയും ചെയ്യും.
അബൂദബിയില്‍ വാഹനം പിടിച്ചെടുത്താല്‍ ഇത് താം വെബ്‌സൈറ്റില്‍ യു.എ.ഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് കയറി നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഇവ വിട്ടുകിട്ടും. വാഹനം പിടിച്ചെടുത്തിട്ടുണ്ടോ എന്നറിയാനും എവിടെയാണ് ഇത് ഉള്ളതെന്നും അറിയാന്‍ അബൂദബി പൊലീസിനെയും ബന്ധപ്പെടാന്‍ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

