ദുബൈയിലും അബൂദബിയിലും കനത്ത പൊടിക്കാറ്റ്
text_fieldsദുബൈ: രാജ്യത്ത് വിവിധ ഭാഗങ്ങളിൽ തിങ്കാളാഴ്ച പകൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ദുബൈ, അബൂദബി എമിറേറ്റുകളിൽ പൊടിക്കാറ്റ് പല സ്ഥലങ്ങളിലും കാഴ്ച മങ്ങുന്നതിന് കാരണമായി. ഉച്ചയോടെയാണ് പെട്ടെന്ന് അന്തരീക്ഷത്തിൽ മാറ്റമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് പൊടി ഉയരുകയായിരുന്നു. പ്രധാന റോഡുകളിലടക്കം ദൃശ്യത കുറയാൻ ഇത് കാരണമായി. ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കണമെന്നും പൊടി അലർജിയുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദുബൈ ഇൻവെസ്റ്റ്മെന്റ് സിറ്റി, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റാണ് റിപ്പോർട്ട് ചെയ്തത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥ മാറ്റത്തിന്റെ വിഡിയോകളും ചിത്രങ്ങളും പകർത്തുന്നതിന് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കരുതെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഈയാഴ്ച ശക്തമായ ചൂടിന് ആശ്വാസമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ചൂടാണ് രാജ്യത്തുടനീളം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്തെ തീരദേശ പ്രദേശങ്ങളിൽ 44ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

