ആരോഗ്യസംരക്ഷണ ചെലവ് അഞ്ച് ശതമാനത്തിലേക്ക് ഉയർത്തണം -ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
ദുബൈ: അടിസ്ഥാന സൗകര്യങ്ങൾ, താങ്ങാനാവുന്ന നിരക്ക്, തൊഴിൽ ശേഷി എന്നിവ ഉറപ്പാക്കുന്നതിനും കൂടുതൽ ഊർജസ്വലവും സാർവത്രികവുമായ ആരോഗ്യ പരിചരണ സംവിധാനങ്ങളെ പിന്തുണക്കുന്നതിനും കേന്ദ്ര ബജറ്റിൽ ആരോഗ്യ സംരക്ഷണ ചെലവ് ജി.ഡി.പിയുടെ അഞ്ച് ശതമാനത്തിലേക്ക് ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 1.4 ശതകോടിലധികം വരുന്ന ജനസംഖ്യയോടൊപ്പം, രാജ്യത്ത് വർധിച്ചുവരുന്ന മാരക രോഗങ്ങളുടെ സാഹചര്യവും നിലനിൽക്കുമ്പോൾ ആരോഗ്യമേഖലയിലെ ആവശ്യങ്ങളും അതിവേഗം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2047 ഓടെ വികസിത ഭാരതമെന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും വികസിത രാഷ്ട്രമായി മാറുന്നതിനും ഇത് സുപ്രധാന ഘടകമായി പ്രവർത്തിക്കും.
വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയതും അവശ്യ, ജീവൻ രക്ഷാ മരുന്നുകളുടെ നികുതി കുറച്ചതും അടക്കമുള്ള നടപടികളിലൂടെ ആരോഗ്യ സംരക്ഷണ ചെലവ് കുറക്കാനുള്ള വ്യക്തമായ പ്രതിബദ്ധത 2025ൽ നടപ്പാക്കിയ ജി.എസ്.ടി 2.0 പ്രതിഫലിപ്പിക്കുന്നുണ്ട്. നൂതന ഉപകരണങ്ങൾക്കും രോഗനിർണയത്തിനും യുക്തിസഹമായ ജി.എസ്.ടി, മെഡിക്കൽ സാങ്കേതികവിദ്യകൾക്കുള്ള കസ്റ്റംസ് തീരുവ പുനഃക്രമീകരിക്കൽ, ഡിജിറ്റൽ ആരോഗ്യത്തിനും ഗവേഷണത്തിനുമുള്ള നിയന്ത്രണ മാർഗരേഖകൾ എന്നിവയിലൂടെ ജി.എസ്.ടി 2.0യിൽ അടുത്ത ഘട്ട പരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്.
ടയർ-2, ടയർ-3 നഗരങ്ങളിലെ സ്വകാര്യ നിക്ഷേപങ്ങൾ, ആരോഗ്യ സ്റ്റാർട്ടപ്പുകൾ, ഗവേഷണ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിലൂടെ, വികേന്ദ്രീകരണം ത്വരിതപ്പെടുത്താനും തുല്യമായ പ്രവേശനം സാധ്യമാക്കാനും കഴിയും. ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഭാവിയിലേക്കുള്ള ആരോഗ്യസംരക്ഷണ ആവാസവ്യവസ്ഥയുടെ മുന്നേറ്റത്തിനുള്ള ധീരമായ രൂപരേഖയായി 2026 ലെ കേന്ദ്ര ബജറ്റിന് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

