കൂറ്റൻ പൂക്കളമൊരുക്കി ആരോഗ്യ പ്രവർത്തകർ
text_fieldsബുർജീൽ മെഡിക്കൽ സിറ്റിയിലെ നടുത്തളത്തിൽ ഒരുക്കിയ 250 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളം
അബൂദബി: തിരുവോണം കഴിഞ്ഞെങ്കിലും യു.എ.ഇയിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. രണ്ടാം ഓണമായ അവിട്ടം ദിനത്തിൽ കൂറ്റൻ പൂക്കളം ഒരുക്കി വ്യത്യസ്തമായ ആഘോഷമൊരുക്കിയത് രാജ്യത്തെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിലെ ആരോഗ്യപ്രവർത്തകർ.
ഓണത്തിന്റെയും യു.എ.ഇയുടെയും ആദർശങ്ങളെ കോർത്തിണക്കി തയാറാക്കിയ പൂക്കളത്തിൽ വിരിഞ്ഞത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെയും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽനഹ്യാന്റെയും ചിത്രങ്ങൾ.
ആരോഗ്യപ്രവർത്തകർ 650 കിലോഗ്രാം പൂക്കളുപയോഗിച്ച് 12 മണിക്കൂറുകൊണ്ടാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ നടുത്തളത്തിൽ 250 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളമൊരുക്കിയത്. ആഗോളതലത്തിൽ യു.എ.ഇ നേതൃത്വം നൽകിവരുന്ന പിന്തുണക്കും കാരുണ്യത്തിനുമുള്ള നന്ദിസൂചകമായാണ് പൂക്കളം.
ഇയർ ഓഫ് കമ്യൂണിറ്റി ആചരിക്കുന്നതിന്റെ ഭാഗമായി കൈയോട് കൈ ചേർന്ന് എന്ന ആശയത്തെ പ്രതിനിധാനംചെയ്ത് ഏഴു പേരടങ്ങുന്ന കുടുംബത്തെയും പൂക്കളത്തിൽ ചിത്രീകരിച്ചു. ഓണത്തിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതി ഏകദേശം 20 രാജ്യങ്ങളിൽനിന്നുള്ളവർ ഈ കലാസൃഷ്ടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

