ആരോഗ്യ സേവനം: വിശ്വാസത്തിൽ യു.എ.ഇ മുന്നിൽ
text_fieldsദുബൈ: ആധുരസേവന രംഗങ്ങളിൽമേലുള്ള രോഗികളുടെ വിശ്വാസത്തിൽ യു.എ.ഇ ലോകത്ത് മുൻനിരയിലെന്ന് സർവേ റിപോർട്ട്. ഇടൽമെൻ ട്രസ്റ്റ് പുറത്തുവിട്ട 2026ലെ ഹെൽത്ത് കെയർ റിപോർട്ടിലാണ് യു.എ.ഇയിലെ ആധുര സേവന രംഗം മുന്നിലെത്തിയത്. ആരോഗ്യ രംഗത്ത് നിർമിത ബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് യു.എ.ഇ നിർണായകമായ നേട്ടം കൈവരിച്ചത്. യു.എ.ഇയിലെ 1000ത്തോളം പേർ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നായി 16,000ത്തിലധികം പേർ പങ്കെടുത്ത സർവേയിലാണ് നിരവധി രാജ്യാന്തര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയിലെ ആരോഗ്യ പരിരക്ഷ മേഖല ഉയർന്ന നിലവാരം പുലർത്തുന്നതായി വ്യക്തമായത്. അൽ ഖലീജ് ന്യൂസ് പേപ്പറാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്.
സർവേ പ്രകാരം യു.എ.ഇയിലെ പ്രാദേശിക, ദേശീയ ആരോഗ്യ അതോറിറ്റികളിലുള്ള വിശ്വാസം 90 ശതമാനമാണ്. ആരോഗ്യ സുരക്ഷ സ്ഥാപനങ്ങളിലുള്ള വിശ്വാസവും ശക്തമാണെന്ന് റിപോർട്ട് പറയുന്നു. ഏതാണ്ട് 85 ശതമാനം പേരും യു.എ.ഇയിലെ ആരോഗ്യസുരക്ഷ സേവന ദാതാക്കളിലും മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ നിയന്ത്രണ ഏജൻസികളിലും വിശ്വാസം പ്രകടിപ്പിച്ചു. ഈ സംവിധാനത്തിന് അടിത്തറ പാകുന്ന രാജ്യത്തെ ശക്തമായ ആരോഗ്യ സംരക്ഷണ, നിയന്ത്രണ ചട്ടക്കൂടിലേക്കാണ് സർവേയിലെ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്. രാജ്യത്തെ ആശുപത്രികളിലുള്ള വിശ്വാസം 90 ശതമാനമാണ്. പ്രാദേശിക ഫാർമിസ്റ്റുകളിലുള്ള വിശ്വാസം 85 ശതമാനവും ആരോഗ്യ സാങ്കേതിക വിദ്യ കമ്പനികളിലുള്ള വിശ്വാസം 86 ശതമാനവുമാണ്. ഉപഭോക്തൃ ആരോഗ്യ സേവനങ്ങൾക്ക് 85 ശതമാനവും ഔഷധനിർമാണ സ്ഥാപനങ്ങൾക്ക് 84 ശതമാനവുമാണ് വിശ്വാസ സൂചിക. സ്വകാര്യ ആരോഗ്യ ഇൻഷൂറൻസ് രംഗത്തിന് 82 ശതമാനവും പോഷകാഹാര മേഖലക്ക് 77 ശതമാനവും വിശ്വാസം നേടാനായതായി സർവേ ഫലം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

