ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ പരാതികള്‍ ഓണ്‍ലൈന്‍ മുഖേന
text_fields ദുബൈ: ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള പരാതികള്‍ ഇനി സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ വഴി. ദുബൈ ഹെല്‍ത് അതോറിറ്റിയുടെ www.dha.gov.ae സൈറ്റില്‍ കയറി ലോഗ് ചെയ്താല്‍ പരാതി വിഭാഗത്തിലത്തെി വിവരങ്ങള്‍ രേഖപ്പെടുത്താം.
നിലവിലെ പരാതി പരിഹാര സംവിധാനം തന്നെ മികച്ച രീതിയിലാണെന്നും അത് കൂടുതല്‍ വേഗത്തിലും ശേഷിയോടെയുമാക്കാന്‍ ഇ കംപ്ളയിന്‍റ് പോര്‍ട്ടല്‍ വഴി സാധിക്കുമെന്നും അതോറിറ്റിയിലെ ഹെല്‍ത് റെഗുലേഷന്‍-മെഡിക്കല്‍ ടൂറിസം വിഭാഗം മേധാവി ഡോ. ലൈലാ അല്‍ മര്‍സൂഖി പറഞ്ഞു. രോഗികള്‍ക്ക് പൂര്‍ണ സൗഖ്യവും സംതൃപ്തിയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ലോകനിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ നല്‍കുന്നതിന്‍െറ ഭാഗമായി നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനിലാക്കുന്നത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.
ദുബൈയിലെ ആശുപത്രികളില്‍ ചികിത്സ തേടിയ താമസക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പരാതികളുണ്ടെങ്കില്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ ഡി.എച്ച്.എ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും. പരാതിക്കാരെയും ബന്ധപ്പെട്ട കക്ഷികളെയും ഇക്കാര്യം അറിയിക്കുകയും ചെയ്യും.
പിന്നീട് ക്ളിനിക്കല്‍ ഗവര്‍ണന്‍സ് ഒഫീസ് റിപ്പോര്‍ട്ട് വിലയിരുത്തി ആവശ്യമെങ്കില്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കും. കണ്‍സള്‍ട്ടന്‍റുമാരും സ്പെഷ്യലിസ്റ്റുകളുമായ മൂന്ന് ഡോക്ടര്‍മാരാണ് സമിതിയിലുണ്ടാവുകയെന്ന് ക്ളിനിക്കല്‍ ഗവര്‍ണന്‍സ് ഒഫീസ് മേധാവി ഫാത്തിമ അല്‍ മുല്ല പറഞ്ഞു. പരാതിയും പ്രാഥമിക റിപ്പോര്‍ട്ടും പരിശോധിക്കുന്ന സമിതി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമ നിഗമനത്തിലത്തെും. അന്വേഷണ ഫലം ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. പരാതികള്‍ക്ക് ഏറ്റവും പെട്ടെന്ന് പരിഹാരം നല്‍കുക, സ്മാര്‍ട്ട് നഗരമായി മുന്നേറാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നീ സര്‍ക്കാര്‍ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് നൂതന സംവിധാനം പ്രാവര്‍ത്തികമാക്കുന്നത്.