അസാധ്യമായതായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിക്കുന്ന ദുബൈയിലേക്ക് പുതിയതായി വിരുന്നെത്തുന്നവനാണ് ഡ്രൈവറില്ലാ കാറുകൾ. ദുബൈയെ കുറിച്ചറിയുന്നവർക്ക് ഇതിൽ അത്ഭുതം തോന്നില്ല. അമേരിക്കൻ നഗരങ്ങളിൽ മാത്രമുള്ള ഈകാറുകൾ രണ്ട് വർഷത്തിനുള്ളിൽ ദുബൈയുടെ നിരത്തുകളിൽ നിറയും. കേൾക്കാൻ രസമുണ്ടെങ്കിലും ജനങ്ങൾ ആകെ കൺഫ്യൂഷനിലാണ്. തിരക്കേറിയ ദുബൈ നഗരത്തിലൂടെ ഡ്രൈവർ പോലുമില്ലാതെ കാറുകൾ എങ്ങിനെ യാത്രചെയ്യും, എങ്ങിനെയാണ് ഓപറേറ്റ് ചെയ്യുക അങ്ങിനെ നീണ്ടു പോകുന്നു കൺഫ്യൂഷൻ. 2030ഓടെ 4000 വാഹനങ്ങൾ ടാക്സിയായി നിരത്തിലിറക്കുമെന്നാണ് അറിയിപ്പ്.
എല്ലാം ഈ സ്ക്രീനിലുണ്ട്:
കുഞ്ഞൻ കാറിലേക്ക് കയറുേമ്പാൾ ഡ്രൈവറുടെ സ്റ്റിയറിങോ ഗിയറോ, എന്തിന് ഒരു പെഡൽ പോലും കാണില്ല. പക്ഷെ, നിങ്ങളുടെ മുൻപിൽ സ്മാർട്ട് സ്ക്രീൻ ഉണ്ടാവും. അതാണ് ഡ്രൈവറില്ലാ കാറിലെ 'ഡ്രൈവർ'. വാഹനത്തിൽ കയറിയ ശേഷം സ്ക്രീനിൽ കൊടുക്കുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും കുഞ്ഞൻ പായുക. നിർമിത ബുദ്ധിയും പെറ്റാബൈറ്റ്സുമാണ് ഇവനെ നയിക്കുക. നമ്മുടെ വാഹനത്തിെൻറ മുൻപിലും പുറകിലും വശങ്ങളിലും എന്തൊക്കെയുണ്ടെന്ന് നിരന്തരം വിവരം ലഭിച്ചുകൊണ്ടിരിക്കും.
കണ്ണിമ ചിമ്മാതെ റോഡ് മുഴുവൻ നിരീക്ഷിച്ചായിരിക്കും കാറിെൻറ യാത്ര. ഇതിെൻറ മൾട്ടിലെയർ സ്യൂട്ട് സെൻസറുകൾ മനുഷ്യന് സാധ്യമായതിനേക്കാൾ വിശാലമായ കാഴ്ച-കേൾവി ശക്തിയുണ്ട്. മനുഷ്യ ബുദ്ധിയേക്കാൾ അതിവേഗത്തിൽ ഇത് പ്രവർത്തിക്കും. രാത്രിയിലും മോശം കാലാവസ്ഥയിലും യാത്ര ചെയ്യേണ്ടതെങ്ങിനെ എന്ന വിവേചനബുദ്ധിയെല്ലാം ഉണ്ട് എന്നർഥം. അതുകൊണ്ട് തന്നെ, മറ്റ് വാഹനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി അപകടത്തിൽപെടാതെ കൂടുതൽ സുരക്ഷയോടെ യാത്രചെയ്യാൻ കുഞ്ഞൻ കാറിന് കഴിയും.
എങ്ങിനെയാണ് ഇവനെ യാത്രക്ക് വിളിക്കുക എന്നതല്ലേ അടുത്ത കൺഫ്യൂഷൻ. യൂബർ, കരീം പോലുള്ള ആപ്പുകൾ വഴി ബുക്ക് ചെയ്താൽ ആശാൻ വിളിപ്പുറത്തെത്തും. ആപ് വഴി ബുക്ക് ചെയ്യുേമ്പാൾ ഒരു വ്യത്യാസമുണ്ട്. നാം നിൽക്കുന്ന സ്ഥലത്തിെൻറ കാലാവസ്ഥ കൂടി കണക്കാക്കിയ ശേഷമായിരിക്കും കുഞ്ഞൻ ടാക്സി ഓടിയെത്തുക. വാഹനത്തിൽ കയറിയ ശേഷം ടച്ച്സ്ക്രീനിൽ നമുക്ക് പോകേണ്ട സ്ഥലം നൽകാം. എത്ര സമയം കൊണ്ട് എത്തും എന്നതുൾപെടെയുള്ള വിവരങ്ങൾ അവൻ നമുക്ക് പറഞ്ഞുതരും. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത 'കുഞ്ഞൻ' സീറ്റ് ബെൽറ്റിടാനും ഡോർ അടക്കാനും ഓർമിപ്പിക്കും.
വാഹനത്തിൽ പെട്ടുപോയി എന്ന തോന്നൽ വേണ്ട. ഒരു ബട്ടൺ അമർത്തിയാൽ കസ്റ്റമർ കെയറുമായി സംസാരിക്കാം. എന്നാൽ, ഇവിടെയും മറുപടി തരുന്നത് മനുഷ്യനായിരിക്കില്ല, കമ്പ്യൂട്ടറായിരിക്കുമെന്ന് മാത്രം. ഇടക്ക് വെച്ച് വാഹനം നിർത്താനുള്ള ഓപ്ഷനുമുണ്ടാവും. എന്തെങ്കിലും സാധനം കാറിൽ മറന്നുവെച്ചാൽ നഷ്ടപ്പെടുമെന്ന ഭയം വേണ്ട. കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ നിങ്ങളുടെ ഫോണിലേക്ക് കസ്റ്റമർ സെൻററിൽ നിന്ന് വിളി വരും. പുറത്തിറങ്ങിയ യാത്രക്കാരൻ ഡോർ അടക്കാൻ മറന്നാലും സ്വന്തം നിലയിൽ വാതിൽ അടച്ച് അടുത്ത യാത്രക്കാരനെ ലക്ഷ്യമിട്ട് യാത്രയാവും. കാഴ്ച, കേൾവി ശക്തിയില്ലാത്തവർക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള സജ്ജീകരണവുമുണ്ടാകും.
റോഡ് േക്ലാസ് ചെയ്തതായി ഒരു കാർ റിപ്പോർട്ട് ചെയ്താൽ മറ്റ് കാറുകളൊന്നും ആ വഴിക്ക് പോകില്ല. അപകടകരമായ റോഡിലും മോശം കാലാവസ്ഥയിലും യാത്ര ഒഴിവാക്കും. 16 കാമറയും 21 റഡാറും ഓരോ വാഹനത്തിലുമുണ്ടാകും. കാർബൺ വികിരണം ഇല്ലാത്തതിനാൽ പരിസ്ഥിതി സൗഹൃദമായിരിക്കും. ഗതാഗതക്കുരുക്കും കൂട്ടിയിടിയും ഒഴിവാക്കാം. ഗതാഗത ചെലവിൽ വർഷത്തിൽ 900 ദശലക്ഷം ദിർഹമിെൻറ കുറവുണ്ടാകും എന്നാണ് കണക്കുകൂട്ടൽ. പരിസ്ഥിതി മലിനീകരണം 12 ശതമാനം കുറയും. ഇതുവഴി ശതകോടികൾ വേറെയും ലാഭം. ക്രൂയിസ് എന്ന അമേരിക്കൻ കമ്പനിയാണ് കാറിെൻറ നിർമാണ, നിർവഹണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പെർസപ്ഷൻ, പ്ലാനിങ്, കൺട്രോൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് കുഞ്ഞൻ കാറിനെ നിയന്ത്രിക്കുന്നത്.