'ഹസാരോം രംഗ് കെ നസാരെ ബൻഗയേ....'
text_fieldsഒ.എ. ബഷീർ കുടുംബാംഗങ്ങളോടൊപ്പം
വീടുവിട്ടുള്ള പാർപ്പിന്‍റെ ലസാഗുവും ഉസാഘയും തിരിച്ചറിയാൻ മൂന്ന് പതിറ്റാണ്ടെടുത്തപ്പോൾ, ജീവിതത്തിന്‍റെ അംശവും ഛേദവും കണക്ക് കൂട്ടാനായി +0.75ന്‍റെ ഒരു കണ്ണടയും മുഖത്ത് ഫിറ്റ് ചെയത് നാട്ടിൽ വിശ്രമ ജീവിതം നയിച്ച് പോരവേ ദുബൈയിലുള്ള മകന്‍റെ ക്ഷണം- 'പോരുന്നോ, കണ്ടതിനപ്പുറം പല കാഴ്ചകൾ കാണാം. കൂടാം അൽപകാലം ഞങ്ങളോടൊപ്പം'. 'ബുർജ് ഖലീഫയുടെ താഴെ നിന്ന് ഒരു ചിത്രമെടുത്ത് സ്റ്റാറ്റസ് ഇടാൻ എന്തിനാ മോനേ മൂന്ന് മാസമൊക്കെ?' എന്ന് ചോദിച്ചെങ്കിലും ഭാര്യക്കൊപ്പം വിമാനം കയറി.
എക്സ്പോയുടെ ഹൃദയമായ അൽ വാസൽ പ്ലാസയെന്ന ലോകാത്ഭുത താഴികക്കുടത്തിന്‍റെ ഉപരിതലത്തിലേക്കുള്ള ലേസർ പ്രൊജക്ഷൻ കാഴ്ച കൊണ്ടുമാത്രം എന്‍റെയും ഭാര്യയുടെയും യു.എ.ഇ യാത്ര മുതലായെങ്കിൽ, ശേഷമുള്ള കാഴ്ചകളെല്ലാം ഇനി ബോണസായി ലഭിക്കുന്നതാണെന്ന് കാറിൽ ഒപ്പമുള്ള മകനും കുടുംബവും. അതിന്‍റെ ആഹ്ലാദത്തിൽ വാഹനത്തിലിരിക്കേ, പുറത്ത് മഞ്ഞവെളിച്ചങ്ങൾ മങ്ങാൻ തുടങ്ങി. മൂടൽമഞ്ഞിന് ഇത്രയും സൗന്ദര്യമോ!
120ൽ നിന്നും സ്പീഡോമീറ്ററിലെ സൂചി 40ലേക്ക് താഴ്ന്നപ്പോൾ റേഡിയോയിൽനിന്ന് ഇഷ്ടഗാനമൊഴുകി- 'ലിഖെ ജോ ഖത്ത് തുഛെ, വോ തേരി യാദ് മേം, ഹസാരോം രംഗ് കെ നസാരെ ബൻഗയേ...'. മുഹമ്മദ് റഫി-ശങ്കർ ജയ് കിഷൻ കൂട്ടുകെട്ടിന്‍റെ ഗാനം E311 റോഡിൽ അഞ്ചും ആറും വരിയിലൂടെ അനാവശ്യ ഹോണടിക്കാതൊഴുകുന്ന വാഹനത്തിനാരവത്തെ നേർപ്പിച്ചു. സമാനതകളില്ലാത്ത ബുർജ് ഖലീഫയും ദുബൈ മാളും ബുർജുൽ അറബുമൊക്കെ ദുബൈയിലെ ആഢംബരത്തിന്‍റെ അവസാന ദൃശ്യാനുഭവമായിരുന്നില്ല. അത്ഭുതങ്ങളുടെ വിസ്മയലോകമാണ് ഈ ഭൂമി. പ്രകൃതിദത്തമായതും മനുഷ്യ നിർമ്മിതമായതുമായ അനേകം അത്ഭുതങ്ങളിലേക്കാണ് നമ്മൾ എത്തിപ്പെടുക. റഫിയുടെ പാട്ടിലെ വരികൾ പോലെ തന്നെ...'ഹസാരോം രംഗ് കെ നസാരെ'... ആയിരം വർണങ്ങൾ ചാലിച്ച കാഴ്ചകൾ...
വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലുള്ളതും ജനപ്രിയവുമായ രാജ്യം. വിവരണാതീതമായ ആശ്വാസത്തിന്‍റെ അന്തരീക്ഷത്തോടെ പലവിധ വേഷ, നിറ, ജാതി മനുഷ്യർ ഇവിടെ വാഴുന്നു. മണൽക്കാടുകൾക്കിടയിലെ ആധുനിക ദുബൈയുടെ അത്യാഢംബര മായിക കാഴ്ചകൾ അത്തറിൻ സുഗന്ധത്തോടെ കണ്ണഞ്ചിപ്പിക്കുമ്പോഴും ഊദ് മണക്കുന്ന പൗരാണിക കാഴ്ചകളും അവർണ്ണനീയമാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോഡ് നേടിയ ബുർജ് ഖലീഫയെ ദുബൈ ഫ്രെയിമിലൂടെ മാത്രം നോക്കിക്കണ്ടാൽ പോരായിരുന്നു ഞങ്ങൾക്ക്. അങ്ങിനെയാണ് ദുബൈയിൽ നിന്നും 180 ഓളം കി.മീ അകലെയുള്ള റാസൽഖൈമയിലെ പർവ്വതമായ 'ജബൽ അൽ ജൈസ്'ലേക്ക് യാത്ര തിരിച്ചത്. കെട്ടിടങ്ങളും വാഹനത്തിരക്കും ഒഴിഞ്ഞ പാതയിലൂടെയുള്ള യാത്രയിൽ
ഇരുട്ടിന്‍റെ ഒരേ നിറം പുറത്തെ കാഴ്ചകൾ മറച്ചിരുന്നു. ചുരത്തിന്‍റെ പലതിലൊരു പരപ്പിൽ കുറെയേറെ താത്കാലിക ടെൻറുകൾ കെട്ടിയതിനൊരു മൂലയിൽ ഞങ്ങളും കെട്ടി രണ്ട് ചെറുകൂടാരം. മകനും ഭാര്യയും കരി കനലാക്കി നേരത്തെ മസാല പുരട്ടിയ മീനും കോഴിയും അതിന് മുകളിൽ വച്ചു. ചെറുമക്കൾ സഹായികളായി. ചുറ്റും നടന്നൊന്ന് കണ്ടതിൽ ഞങ്ങൾ കൂടിയതിനപ്പുറം ഒരു കൊക്കയാണെന്ന് മനസ്സിലായി.
തണുപ്പിക്കുന്ന കാറ്റിന് മീനും കോഴിയും വെന്ത മണം. ചെറിയൊരു ശൗചാലയമല്ലാതെ വേറെ ഒന്നുമില്ല. രാക്കൂടാൻ വേണ്ടതെല്ലാം നമ്മൾ തന്നെ കൊണ്ടുവരണം. ആകാശത്തിൽ രണ്ടോ മൂന്നോ താരങ്ങൾ മാത്രം മിന്നിക്കണ്ടു. ടെന്‍റിനുള്ളിൽ കിടന്ന് ഞാനും ഭാര്യയും പരസ്പരം ചോദിച്ചു- 'നാല് ഷേരി മീൻ അല്ലെങ്കിൽ ചിക്കൻ ചുട്ട് തിന്നാൻ വേണ്ടി മാത്രമാണോ ഈ ഇരുട്ടിൽ ചുരം കേറി ഇത്രയും ദൂരം വന്നത്?'. ചൂളമിട്ട കാറ്റ് ശക്തിയിൽ വീശുമ്പോൾ പൊടി പാറിയതിനാൽ ഉറക്കം അത്ര സുഖകരമായിരുന്നില്ല. അഞ്ച് മണിക്കെഴുന്നേറ്റ് പുറത്തിറങ്ങി. നാവിൻ തുമ്പിലെ മണൽത്തരികൾ കടിച്ചു. ഞങ്ങൾക്കു ചുറ്റുമുള്ള ഏതെങ്കിലുമൊരു മലക്കപ്പുറം പകലോനുദിച്ചെങ്കിലേ കിഴക്കറിയൂ.
നരച്ച് തുടങ്ങിയ പുലരി. രാത്രിയുടെ മണം കാറ്റ് കൊണ്ടുപോയിരിക്കുന്നു. മെറ്റൽ വിരിച്ച പ്രതലത്തിൽ കരിയോ വെണ്ണീറോ അല്ലെങ്കിൽ ഒരു സിഗരറ്റ് കുറ്റി പോലുമോയില്ല. അവനവന്‍റെ വേസ്റ്റുകൾ എല്ലാം അവരവർ തന്നെ വൃത്തിയാക്കി ബിന്നിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുന്നു. അല്ലെങ്കിൽ നല്ല സംഖ്യ പിഴയൊടുക്കേണ്ടി വരുമെന്ന് ഓരോരുത്തർക്കും അറിയാം. ടെന്‍റുകൾക്ക് പിന്നിലെ നിരയാർന്ന കൽപ്പടവുകളിലൊന്നിൽ ഞങ്ങളിരുന്നു. പുകമറകൾക്കപ്പുറം ഞങ്ങളിവിടേക്കെത്തിയ വളഞ്ഞുപുളഞ്ഞ പാത തെളിഞ്ഞുവന്നു. പിന്നെ പിന്നെ മലകളുടെ നിറങ്ങൾ കാണാറായി തുടങ്ങി. ഓരോ മലകൾക്കും ഓരോ നിറമായിരുന്നു. തവിട് നിറമാർന്ന മലയിൽ സ്ഥിരം കാറ്റേൽക്കുന്നതുകൊണ്ട് വിത്തുകൾ പാറിപ്പോക്കുന്നതിനാലാവാം ഒരു പുല്ലു പോലുമില്ലായിരുന്നു. കിഴക്കൻ മലയിൽ ഉണങ്ങിത്തുടങ്ങിയ പച്ചപ്പുകൾ. കൊല്ലിക്കപ്പുറമുള്ള മലയിൽ കുറ്റിച്ചെടികളും പാറയടുക്കുകളും.
പ്രകൃതി ഒരുക്കിയ അപാരമായ ദൃശ്യവിന്യാസങ്ങൾ!
മലയുടെ മുകളിൽ പൊൻ പ്രഭാധൂളികൾ ജനിച്ചു. അവ താഴോട്ടിഴഞ്ഞിറങ്ങിക്കൊണ്ടിരുന്നു.
വില്ലയിൽ നിന്നും കൊണ്ടുവന്ന പാത്രങ്ങളും അടുപ്പും ഖൈമയും മറ്റും കാറിന്‍റെ ഡിക്കിയിൽ വച്ച് ഞങ്ങളുടെ നിഴൽ വീഴും മുന്നേ ഇറക്കമിറങ്ങി. ഇടക്കൊരു ദൂരദർശനിയിലൂടെ അങ്ങകലെ കടലും കപ്പലും കണ്ട് ഒരുപാടൊരുപാട് ഹെയർപിൻ വളവുകൾ പിന്നിട്ടപ്പോഴാണ് പടച്ചോന്‍റെ കരവിരുത് ശരിക്കും മനസ്സിലായത്. മനുഷ്യന് മ്യൂസിയം ഓഫ് ഫ്യൂച്ചറും താജ് മഹലുമൊക്കെ നിർമ്മിക്കാം. പക്ഷേ, എനിക്ക് ചുറ്റും കാണുന്ന അമൂല്യമായ വിഭവങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഈ നിധികുംഭങ്ങൾ... ദൈവമെന്ന ശിൽപി എത്രമാത്രം കരുതലോടെയാണ് പലവിധ വർണ്ണപ്പാറക്കല്ലുകൾ അടുക്കി വെച്ചിരിക്കുന്നത്. ഇനിയും പൂർണ്ണമാക്കാനാവാത്ത കാഴ്ചകളാൽ മനോഹര മായികാലോകത്തെത്തിപ്പെട്ടതൊന്നും സ്വപ്നങ്ങളായിരുന്നില്ല! അല്ല, കോഴി ചുട്ട് തിന്നാനോ ഖൈമ കെട്ടി അന്തിയുറങ്ങാനോ ആയിരുന്നില്ല ഞങ്ങളെ മക്കൾ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോയത്. ഇത് കാണാൻ... ഇവിടെ ശിലായുഗ ആയുധങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ കരിങ്കൽ ചീളുകൾക്കിടയിൽ ഒരിറ്റ് ജലം പോലുമില്ലാതെ മുളച്ച് പൊങ്ങി ഒരു ബൊക്കെ പോലെ ആയി മഞ്ഞപ്പൂക്കൾ വിടർന്നതിന്‍റെ അത്ഭുതം!
ഇതുവരെ കണ്ട മനുഷ്യസൃഷ്ടികളായ എൽ.ഇ.ഡിയുടെയും ലേസർ രശ്മിയുടെയും നിറവിന്യാസങ്ങളെയൊക്കെ ജബൽ ജൈസിന്‍റെ താഴേക്ക് ഒട്ടിക്കാം. ഏതായാലും അത്ഭുതങ്ങളിൽ മഹാത്ഭുതം തീർക്കുന്ന വർണ്ണക്കാഴ്ചകൾ പകർത്താനിനി എന്‍റെ 64GBയിൽ ഇടമില്ല.
ആദ്യം പറഞ്ഞതുപോലെ ബുർജ് ഖലീഫയുടെ കീഴെ നിന്ന് മാത്രമല്ലാത്ത ഒരായിരം ചിത്രങ്ങൾ സ്റ്റാറ്റസ് ഇട്ട് കഴിഞ്ഞിരിക്കുന്നു. ഇനി ചെറിയ ചെറിയ ഇത്തിരി മോഹങ്ങൾ കൂടി ബാക്കിയുണ്ട്.
മിറാക്കിൾ ഗാർഡനിലെ 450ൽ തരം പല വർണ്ണപ്പൂക്കളെ, ജുമൈറ ബീച്ചിലെ ഇത്തിരി പൂഴിക്കടലോരത്തെ, ഒരു ബീഡിക്കുറ്റി പോലുമില്ലാത്ത തെരുവോരത്തെ, സ്ഫടികതുല്യമായ നിരത്തിലൂടെ വാഹനമോടിക്കുമ്പോഴും കാൽനട യാത്രക്കാരന് മുൻതൂക്കം കൊടുക്കുന്നവരെ, ഹത്ത ഡാമിൻ മുകളിലെ പർവ്വതത്തിലെ കാറ്റിനെ,
പരന്നുകിടക്കുന്ന മരുഭൂമിയിലെ ഒരു മണൽകൂനയെ, ദുബൈ മാളിലെ പതിനായിരക്കണക്കിന് സമുദ്രമത്സ്യം നീന്തുന്ന ഗ്ലാസ് ടണലിനെ, എക്സ്പോ 2020യിലെ മനുഷ്യ നിർമ്മിത തടാകത്തിലെ അരയന്നങ്ങളെ,
വെളുപ്പും കറുപ്പും ചുകപ്പുമാർന്ന മീനുകളെ, ഒറ്റക്കൊരു യുവതി ആരെയും പേടിയില്ലാതെ നടക്കുന്ന ഇരുൾ മൂടിയ ഇടവഴിയെ... ഇതൊന്നുമില്ലെങ്കിലും ഡ്രൈവറില്ലാതെ 99.7% കൃത്യതയോടെ ഓടുന്ന ഒരു മെട്രോ ട്രെയിനെങ്കിലും എനിക്ക് കട്ട് കൊണ്ടുപോകണം! അതിന് സാധിക്കില്ലെന്നറിയാം. ഞാനെന്‍റെ ഹൃദയമാകുന്ന മാറാപ്പിൽ കെട്ടി ആരും കാണാതെ അവയെല്ലാം കൊണ്ടുപോകും. അങ്ങനെയാവുമ്പോൾ വിമാനത്താവളത്തിൽ അതിന്‍റെ തൂക്കമെടുക്കുകയും നികുതിയടക്കുകയും വേണ്ടല്ലോ. ഒരു നെടുവീർപ്പ്... അത് ഇന്നത്തെ ഈ ഊഷരഭൂവിൽ കൂടിച്ചേർന്നില്ലാതാവുന്നെങ്കിലും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

