കടലാഴങ്ങളിൽ പറന്നിറങ്ങാൻ 300 ഹോക്സ്ബിൽ കടലാമകൾ
text_fieldsഅബൂദബി: വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗത്തിൽപ്പെട്ട ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങളെ സുരക്ഷിതമായി വിരിയിച്ച് അബൂദബിയിലെ സ്വകാര്യ കമ്പനി. യു.എ.ഇയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ കമ്പനിയായ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം (ഇ.ജി.എ) ആണ് ഈ സീസണിൽ 300 ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങളെ വിരിയിച്ചത്. അബൂദബിയിലെ അൽ തവീല ബീച്ചിൽ തയ്യാറാക്കിയ പ്രത്യേക കൂടുകളിലാണ് ആമകളെ വിരിയിച്ചത്.
2011ൽ കമ്പനി പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ ഏതാണ്ട് 7,500 ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങളെ വിരിയിക്കാൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. വംശനാശഭീഷണി നേരിടുന്ന കടലാമകളിൽ യു.എ.ഇയിൽ മുട്ടയിടുന്ന ഒരേയൊരു കടലാമയാണ് ഹോക്സ്ബിൽ കടലാമ. പ്രജനന സീസണിലുടനീളം ബീച്ചുകൾ നിരീക്ഷിക്കുന്ന ഇ.ജി.എയുടെ സുസ്ഥിര ടീ അംഗങ്ങൾ ആമകളുടെ കൂടുകൾ സംരക്ഷിക്കുകയും പരിക്കേറ്റതും അസുഖബാധിതരുമായ ആമകളെ രക്ഷപ്പെടുത്തുകയും ചെയ്യാറുണ്ട്. നിരീക്ഷണ പ്രോഗ്രാം ആരംഭിച്ചതു മുതൽ ഇ.ജി.എയുടെ അടുത്തുള്ള ബീച്ചുകളിൽ 116 കൂടുകളാണ് ഒരുക്കിയിരുന്നത്.
ഈ വർഷം പരിചരണം അത്യാവശ്യമായ നാല് ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങളെ കണ്ടെത്തുകയും ഇവയെ ബുർജുൽ അറബിലെ ആമ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇത്തരം ആമകളെ കടലിലേക്ക് തുറന്നുവിടുന്നതിന് മുമ്പ് ഇവിടെ വെച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. ആമകളുടെ പ്രജനന സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഇ.ജി.എ വളണ്ടിയർമാരുടെ നേതൃത്വത്തിൽ അൽ തവീല ബീച്ചിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ഇ.ജി.എ വണ്ടിയർമാർ 1,300 കിലോഗ്രാം മാലിന്യങ്ങൾ കടലിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. ചുറ്റുപാടുമുള്ള വന്യ ജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കമ്പനി നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇ.ജി.എ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അബ്ദുൽനാസൽ ബിൻ കൽബാൻ പറഞ്ഞു.
ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗത്തിൽപ്പെട്ട ഹോക്സ്ബിൽ ആമകളുടെ ആയുസ് 30 മുതൽ 50 വർഷം വരെയാണ്. ഒരു വർഷം പ്രജനന സീസണിൽ പെൺ ആമകൾ 100 മുതൽ 150 മുട്ടകൾ വരെ ഇടാറുണ്ട്. ഇവയെ സംരക്ഷിക്കുകയെന്നത് പ്രകൃതി സംരക്ഷണത്തിൽ സുപ്രധാനമായ കാര്യമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

