‘ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്’ മത്സരം: മലയാളിക്ക് ഒന്നാം സ്ഥാനം
text_fields‘ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്’ ഫോട്ടോ, വിഡിയോ മത്സര വിജയികളെ ലഫ്: ജനറൽ മുഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ ആദരിക്കുന്നു
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്റർനാഷനൽ ഫോട്ടോഗ്രഫി അവാർഡുമായി (എച്ച്.ഐ.പി.പി.എ) സഹകരിച്ച് സംഘടിപ്പിച്ച ‘ഹത്ത: ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്’ ഫോട്ടോ, വിഡിയോ മത്സരത്തിൽ മലയാളിക്ക് ഒന്നാം സ്ഥാനം. പ്രവാസി മലയാളിഷൈജിത്ത് ഉണ്ടൻ ചെറിയത്തിനാണ് ഫോട്ടോഗ്രഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്.
ന്യൂസിലൻഡിൽ നിന്നുള്ള ടോം ജോളിൻസ്, സിറിയയിൽ നിന്നുള്ള നദ ബദർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. വിഡിയോ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം മോൾഡോവക്കാരൻ മാക്സിം പെറ്റിസറിനാണ്. റഷ്യക്കാരനായ അലക്സാണ്ടർ സോപർൺ രണ്ടാം സ്ഥാനവും മലയാളിയായ സഫീർ എടക്കണ്ടൻ മൂന്നാം സ്ഥാനവും നേടി. ദുബൈയിൽ നടന്ന ചടങ്ങിൽ വിജയികളെ ജി.ഡി.ആർ.എഫ്.എ ആദരിച്ചു. ജി.ഡി.ആർ.എഫ്.എയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, എച്ച്.ഐ.പി.പി.എ സെക്രട്ടറി ജനറൽ അലി ഖലീഫ ബിൻ താലിത്ത് തുടങ്ങിയവർ പങ്കെടുത്തു.
‘2025 സാമൂഹിക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സാംസ്കാരിക വൈവിധ്യവും സാമൂഹിക ഇടപെടലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഫോട്ടോഗ്രഫി അവാർഡിന് നൽകിയ പിന്തുണക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

