‘പൊലീസ് സ്റ്റേഷൻ കാണണം’ ; കുഞ്ഞു നേയുടെ ആഗ്രഹം സാക്ഷാത്കരിച്ച് ഹത്ത സ്മാർട്ട് പൊലീസ് സ്റ്റേഷൻ
text_fieldsനേ അനസ് അൽ അമൂരി ഹത്തയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: ആറു വയസ്സുകാരിയായ നേ അനസ് അൽ അമൂരിയുടെ കുഞ്ഞു ആഗ്രഹം സാക്ഷാത്കരിച്ച് ദുബൈ പൊലീസ്. ഹത്തയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാനുള്ള ആഗ്രഹമാണ് ഉദ്യോഗസ്ഥർ സാധിച്ചുകൊടുത്തത്. കുട്ടികളിൽ സന്തോഷം നിറക്കാനും പൊലീസിന്‍റെ പ്രവർത്തനങ്ങളും സ്മാർട്ട് സേവനങ്ങളും നേരിട്ട് പരിചയപ്പെടുത്താനുമാണ് ദുബൈ പൊലീസ് ഇത്തരം സാമൂഹിക സംരംഭങ്ങൾ സംഘടിപ്പിക്കുന്നത്.
ഹത്ത പോലീസ് സ്റ്റേഷനിൽ കുടുംബത്തോടൊപ്പം എത്തിയ നേയെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉബൈദ് അൽ ബദ്‌വാവി, അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് മേധാവി കേണൽ ഡോ. സെയ്ഫ് അൽ ഖൈദി എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്റ്റേഷൻ മുഴുവൻ ചുറ്റിക്കണ്ട കുട്ടിക്ക്, പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും ലളിതമായ ഭാഷയിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.
സമൂഹത്തിൽ സുരക്ഷയും സന്തോഷവും ഉറപ്പാക്കുന്നതിൽ പൊലീസിന്‍റെ പങ്ക് വലുതാണെന്നും കുട്ടികളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കുമെന്നും കേണൽ ഉബൈദ് അൽ ബദ്‌വാവി പറഞ്ഞു. പൊലീസിന്‍റെ സേവനങ്ങളെക്കുറിച്ച് കൗതുകത്തോടെ നിരവധി ചോദ്യങ്ങൾ ചോദിച്ച കുഞ്ഞു നേ, തന്‍റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി അറിയിച്ചു.
മകളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ കാണിച്ച കരുതലിനും ഊഷ്മളമായ സ്വീകരണത്തിനും നേയുടെ പിതാവ് അനസ് അൽ അമൂരി ഹത്ത പൊലീസ് സ്റ്റേഷന് നന്ദി പറഞ്ഞു. ഈ സന്ദർശനം മകളുടെ ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന മനോഹരമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

