ഹത്ത ജലവൈദ്യുതി പദ്ധതി: വൈദ്യുതി വിതരണം ഏപ്രിലിൽ തുടങ്ങും
text_fieldsഹത്ത ഡാം സന്ദർശനത്തിനിടെ ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ ഉദ്യോഗസ്ഥരോടൊപ്പം
ദുബൈ: ഹത്ത ജലവൈദ്യുതി പദ്ധതിയിൽനിന്ന് ഏപ്രിൽ മുതൽ ദുബൈയിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കുമെന്ന് ദുബൈയിലെ വൈദ്യുതി, ജല അതോറിറ്റി (ദീവ) അറിയിച്ചു. കഴിഞ്ഞ ദിവസം ഹത്ത ജലവൈദ്യുതി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയശേഷം ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റിന്റെ പ്രവർത്തനം കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ചിരുന്നു. ജലവൈദ്യുതി പദ്ധതികളിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ജി.സി.സിയിലെ ആദ്യ സംരംഭമാണ് ഹത്ത ജലവൈദ്യുതിപദ്ധതി. ഹത്ത ഡാമിലേയും പുതുതായി നിർമിച്ച അപ്പർ ഡാമിലേയും വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനത്തിനായി രൂപകൽപന ചെയ്ത പദ്ധതിയുടെ 96.82 ശതമാനവും ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു.
250 മെഗാവാട്ട് (എം.ഡബ്ല്യു) ആണ് പ്ലാന്റിന്റെ ആകെ ഉൽപാദനശേഷി. 1,500 മെഗാവാട്ട് മണിക്കൂർ സംഭരണശേഷിയുള്ള പ്ലാന്റിന്റെ കാലാവധി 80 വർഷമാണ്. 142.1 കോടി ദിർഹമാണ് പ്ലാന്റിന്റെ നിർമാണച്ചെലവ്. എമിറേറ്റിലുടനീളം സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നതാണ് ഹത്ത ജലവൈദ്യുതി പദ്ധതിയെന്ന് അൽ തായർ പറഞ്ഞു. 2050 ഓടെ ശുദ്ധ ഊർജത്തിൽനിന്നുള്ള ദുബൈയുടെ മൊത്തം ഊർജ ഉൽപാദനശേഷി നൂറുശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവയെ പദ്ധതി പിന്തുണക്കുകയും ചെയ്യുന്നതായി അൽ തായർ കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ ഹത്തയിൽ അടുത്തിടെ പൂർത്തിയായ ജനറേറ്ററിന്റെ പ്രവർത്തനത്തെ കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. പ്ലാന്റിന്റെ അപ്പർ ഡാമും അദ്ദേഹം സന്ദർശിച്ചു. പ്രധാന മതിലിന് 72 മീറ്റർ ഉയരവും 37 മീറ്റർ സൈഡ് ഡാമും ഉൾപ്പെടുന്നതാണ് അപ്പർ ഡാം. ഈ വർഷം ആദ്യ പാദത്തിൽ ഇതിന്റെ പരീക്ഷണം നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

