ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കം
text_fieldsദുബൈ: ഹത്ത ശൈത്യകാല സംരംഭങ്ങളുടെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കം. ഹത്തയിൽ പ്രാദേശിക കൃഷി, ചെറുകിട സംരംഭങ്ങൾ, ഗ്രാമീണ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഹണി ഫെസ്റ്റിവൽ ഡിസംബർ 31 വരെ നീളും. പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന വിത്യസ്ത തരം തേനുകളും തേൻ ഉത്പന്നങ്ങളും കാണാനും ആസ്വദിക്കാനും വാങ്ങാനുമുള്ള സുവർണാവസരമാണ് ഹത്ത ഹണി ഫെസ്റ്റിവൽ. സന്ദശകർക്ക് പ്രവേശനം സൗജന്യമാണ്.
വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന തേൻ കർഷകർ, തേൽ ഉത്പാദകർ, ഹത്തയുടെ പ്രകൃതിയും കൃഷി പാരമ്പര്യങ്ങളും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയവരെ ഒരുമിച്ച് കൂട്ടുന്ന വേദിയാണ് ഹത്ത ഹണി ഫെസ്റ്റിവൽ. ഇമാറാത്തികളായ തേൻകർഷകർക്കും ചെറുകിട സംരംഭകർക്കും അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കാനും കഴിയുന്ന മികച്ച പ്ലാറ്റ്ഫോം കൂടിയാണ് ഫെസ്റ്റിവൽ. പരിസ്ഥിതി സൗഹൃദപരവും ടൂറിസം കേന്ദ്രവുമായ ഹത്തയുടെ ദീർഘകാല വികസനത്തിനും ഫെസ്റ്റിവൽ പിന്തുണ നൽകുന്നതായി അധികൃതർ വ്യക്തമാക്കി.
തേൻ ഉത്പന്നങ്ങൾക്ക് മാത്രമായി 50ലധികം സ്റ്റാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ചെറുകിട വിൽപന സങ്കൽപങ്ങളും കുടുംബ വ്യവസായങ്ങളും പ്രദർശിപ്പിക്കുന്ന 10 ഔട്ട്ഡോർ സ്റ്റാറുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രക്കുകൾ, തൽസമയ പ്രകടനങ്ങൾ, വിവിധ വർക്ക്ഷോപ്പുകൾക്കും സമൂഹങ്ങൾക്ക് ഒരുമിച്ച് കൂടാനുമുള്ള സ്ഥലങ്ങളും ഫെസ്റ്റിവലിൽ ഉൾപ്പെടും.
കുടുംബങ്ങൾ, സന്ദർശകർ എന്നിവരെ ലക്ഷ്യമിട്ടുള്ള മുഴുവൻ സമയ പ്രോഗ്രാമുകളും പ്രതീക്ഷിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഔട്ട് ഡോർ വർക്ക് ഷോപ്പ് ഏരിയ, പരമ്പരാഗതമായ മജ്ലിസ്, ഇൻഡോൾ ലോഞ്ച്, കുട്ടികളുടെ കളിസ്ഥലങ്ങൾ, നാല് ഭക്ഷണ സ്റ്റാളുകൾ എന്നിവയും വേദിയുടെ സവിശേഷതകളാണ്.
വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചിട്ടുള്ള പ്രദർശനമാണ് ഹണീ ഫെസ്റ്റിവലിലൂടെ ദുബൈ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. തേനുകളുടെ ഗുണനിലവാരവും സുരക്ഷ എങ്ങനെയാണ് പരിശോധിക്കുന്നതെന്ന് കാണിക്കുന്ന പ്രത്യേക ടെസ്റ്റിങ് പ്ലാറ്റ്ഫോമും ദുബൈ സെൻട്രൽ ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും നൂതനമായ പരിശോധന ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇമാറാത്തി തേൻ തിരിച്ചറിയുന്നതിനായി വിരലടയാളവും ഡിജിറ്റൽ ഐഡന്റിറ്റി വികസിപ്പിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ഫെസ്റ്റിവലിൽ മുനിസിപ്പാലിറ്റി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

