രണ്ടാമത് ഹത്ത ഫാമിങ് ഫെസ്റ്റിവലിന് തുടക്കം
text_fieldsദുബൈ: നിവാസികൾക്കും സന്ദർശകർക്കും യു.എ.ഇയിലെ പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങൾ പരിചയപ്പെടാൻ അവസരം നൽകുന്ന രണ്ടാമത് ഹത്ത ഫാമിങ് ഫെസ്റ്റിവലിന് തുടക്കമിട്ട് ദുബൈ മുനിസിപ്പാലിറ്റി. ദുബൈ ഫാം പ്രോഗ്രാമിന്റെ ഭാഗമായി ഒരുക്കുന്ന ഫെസ്റ്റിവലിന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നേതൃത്വം നൽകുന്നത്.
പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുകയും ഇവരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സഹായിക്കുകയുമാണ് ലക്ഷ്യം. ജനുവരി 22 വരെ തുടരുന്ന ഫെസ്റ്റിവലിൽ 25 ഇമാറാത്തി കർഷകർ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, വീട്ടു കർഷകർ തുടങ്ങിയവർ പങ്കെടുക്കും.
ദുബൈ രണ്ടാം ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ഹത്ത ശൈത്യകാല സംരംഭത്തിന് കീഴിലാണ് ഹത്ത ഫാമിങ് ഫെസ്റ്റിവൽ നടക്കുന്നത്.
ശൈത്യകാലത്ത് താമസക്കാർക്കും സന്ദർശകർക്കും ഹത്ത മലകമുകളിൽ വിത്യസ്തമായ അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ഹത്ത ഫാമിങ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. മുനിസിപ്പാലിറ്റിയുടെ ഹത്ത സമഗ്ര വികസനപദ്ധതികളെയും ഫാമിങ് ഫെസ്റ്റിവൽ പിന്തുണക്കുന്നുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഹത്തയിലെ കർഷകരെ സഹായിക്കാനായി കഴിഞ്ഞ വർഷം ദുബൈ മുനിസിപ്പാലിറ്റി പ്രത്യേക പരിശീലനവും സംഘടിപ്പിച്ചിരുന്നു.
24,550 ബാഗ് ജൈവ, രാസവളങ്ങൾ, 2,440 ബാഗ് വിത്തുകൾ, 1350 ലൈറ്റുകൾ, ഫെറോമോൺ ട്രാപ്പുകൾ എന്നിവയും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

