ഹത്ത വികസനപദ്ധതി രണ്ടാം ഘട്ടത്തിന് അംഗീകാരം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹത്തയിലെ പദ്ധതി പ്രദേശം സന്ദർശിക്കുന്നു
ദുബൈ: ഹത്ത പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് രൂപപ്പെടുത്തിയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളുടെ പുരോഗതി ഹത്തയിലെത്തി വിലയിരുത്തിയ ശേഷമാണ് അടുത്തഘട്ടത്തിന് അംഗീകാരം നൽകിയത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 14 പദ്ധതികളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, രണ്ടാമത്തെ ഘട്ടത്തിൽ കൂടുതൽ വിപുലമായ 22 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടാക്കി ഹത്ത ബീച്ചിനെ മാറ്റുകയെന്നതാണ് രണ്ടാം ഘട്ടത്തിലെ ഒരു പദ്ധതി. ഇതുവഴി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും. എല്ലാ സീസണിലും സജീവമായ ടൂറിസ്റ്റ് സ്പോട്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഹത്ത ഡാമിന്റെ പരിസരത്ത് വെള്ളച്ചാട്ടം നിർമിക്കുന്നതും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. അണക്കെട്ടിൽനിന്ന് ദുബൈയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഉമ്മുൽ നുസൂറിന്റെ മുകളിലേക്ക് സന്ദർശകരെ എത്തിക്കുന്ന 5.4 കിലോമീറ്റർ കേബിൾ കാർ സ്ഥാപിക്കുന്നതും പൂർത്തിയാക്കും.
ഒന്നാം ഘട്ടത്തിൽ ഹത്ത സൂഖ്, ഹത്ത ഹെറിറ്റേജ് വില്ലേജ് എന്നിവയടക്കം ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മിക്ക പദ്ധതികളും പൂർത്തിയായിട്ടുണ്ട്. പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരം, ചരിത്രം, ആചാരങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്ന കേന്ദ്രങ്ങൾ വഴി സാംസ്കാരികവും ചരിത്രപരവുമായ സാധ്യതകൾ വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുകയാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. ഹത്ത ഹെറിറ്റേജ് വില്ലേജ് പദ്ധതി 40 സ്വദേശി കുടുംബങ്ങൾക്ക് ഉപകാരപ്പെടും. സൈക്കിളുകൾക്കും മൗണ്ടൻ ബൈക്കുകൾക്കുമായി 11.5 കിലോമീറ്റർ ട്രാക്ക് പ്രാരംഭ ഘട്ടത്തിൽ നിർമിച്ചിട്ടുണ്ട്. വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് യാത്രക്കാവശ്യമായ റോഡ് സൗകര്യങ്ങളും പാർക്കിങ് ഏരിയകളും ഒരുക്കിയിട്ടുമുണ്ട്. സംരംഭകർക്കും യുവജന പദ്ധതികൾക്കും സഹായം നൽകുന്നതിനായി ചെറുകിട-ഇടത്തരം വ്യവസായ ഹബും സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

