ആവേശം പകർന്ന് ഹത്ത ഫെസ്റ്റിവൽ; സന്ദർശകപ്രവാഹം
text_fieldsഹത്തയിൽ ശൈത്യകാല പരിപാടികളിൽ പങ്കെടുക്കാനെത്തിയവർ
ദുബൈ: എമിറേറ്റിന്റെ മലയോര പ്രദേശമായ ഹത്തയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് തുടക്കം കുറിച്ച ഹത്ത ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനിലേക്ക് സന്ദർശക പ്രവാഹം. ഡിസംബർ 15ന് ആരംഭിച്ച ഫെസ്റ്റിവലിലേക്ക് ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ക്രിസ്മസും പുതുവത്സര ദിനവും അടുത്തതോടെ വരുംദിവസങ്ങളിലും നിരവധിപേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, വർഷങ്ങളായി നടന്നുവരുന്ന ഹത്ത ഹണി ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാകുന്നുണ്ട്.
മൂന്നാമത് ദുബൈ ഡെസ്റ്റിനേഷൻസ് ശൈത്യകാല പ്രചാരണപരിപാടികളുടെ ഭാഗമായാണ് ഹത്ത ഫെസ്റ്റിവൽ ആരംഭിച്ചത്. ഡിസംബർ 31ന് അവസാനിക്കുന്ന ഫെസ്റ്റിവൽ ഹത്തയുടെ പർവതനിരകളുടെ മനോഹരമായ പശ്ചാത്തലത്തിൽ സന്ദർശകർക്ക് സംവേദനാത്മകവും വിനോദപരവുമായ അനുഭവങ്ങൾ നൽകുന്നതായി ഫെസ്റ്റിവൽ സംഘാടക സമിതി അംഗം ആമിന താഹിർ പറഞ്ഞു. വരുംദിവസങ്ങളിൽ ആകർഷകമായ നിരവധി പരിപാടികൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ദുബൈ മീഡിയ ഓഫീസിന് കീഴിലെ ബ്രാൻഡ് ദുബൈ സംഘടിപ്പിക്കുന്ന ദുബൈ ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികൾ 14 മുതൽ ആരംഭിച്ചിരുന്നു. ദുബൈയിലെ പ്രധാനപ്പെട്ട ടൂറിസം അനുഭവങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിനായാണ് ദുബൈ ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നത്.
ഹത്തയുടെ വികസനത്തിന് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബൈ ഹത്ത ഫെസ്റ്റിവൽ ഒരുക്കിയത്. ദുബൈയിലെ അതിമനോഹരമായ പർവതമേഖലയിലെ തനതായ സാംസ്കാരിക, കായിക, വിനോദക്കാഴ്ചകൾ കൂട്ടിച്ചേർത്താണ് ഹത്ത ഫെസ്റ്റിവൽ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

