ദുബൈയിൽ ഹത്ത ഫെസ്റ്റിവലിന് തുടക്കം
text_fieldsദുബൈ: എമിറേറ്റിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഹത്ത ഫെസ്റ്റിവലിന്റെ പുതിയ എഡിഷന് തുടക്കം. ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ, ബ്രാൻഡ് ദുബൈ എന്നിവയുടെ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ദുബൈ ഡെസ്റ്റിനേഷൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹത്ത ഫെസ്റ്റിവൽ ഡിസംബർ 28 വരെ നീണ്ടുനിൽക്കും. കുടുംബങ്ങൾ, താമസക്കാർ, സന്ദർശകർ തുടങ്ങി എല്ലാ പ്രായക്കാരെയും ആകർഷിക്കുന്നതിനായി സാംസ്കാരികവും വിനോദപരവുമായ നിരവധി പരിപാടികളാണ് ഇത്തവണ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശൈത്യകാലമായതിനാൽ കുടുംബങ്ങൾക്ക് ഹത്ത മലമുകളിലും പരിസരങ്ങളിൽ രാത്രിയിൽ ഭക്ഷണം പാകം ചെയ്യാനും ക്യാമ്പിങ്ങിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹത്തയുടെ മനോഹരമായ പുറം കാഴ്ചകൾ കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഹത്ത ഫെസ്റ്റിവൽ. ഫോട്ടോഗ്രഫി പ്രേമികൾക്ക് രാത്രിയിലെ ആകാശം ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ സ്റ്റാർ ഫോട്ടോഗ്രഫി വർക്ക്ഷോപ്പിൽ ചേരാം. അതേസമയം കൊച്ചുകുട്ടികൾക്ക് ഹത്ത ഫാമുകളിലെ പരമ്പരാഗത ജീവിതം കണ്ടറിയാനും പഴയ രീതികളെയും ഗ്രാമീണ ജീവിതത്തെയും കുറിച്ചറിയാനും അവസരമുണ്ടാവും. ദുബൈയിലെ പ്രിയപ്പെട്ട കഫേകളിലൊന്നായ ഹോം ബേക്കറി, കുടുംബങ്ങൾക്കിടയിൽ വളരെക്കാലമായി പ്രചാരത്തിലുള്ള പുതിയ മധുരപലഹാരങ്ങൾ അവതരിപ്പിക്കും. കൂടാതെ ക്രിയേറ്റിവ് വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസ സെഷനുകൾ, യുവ സന്ദർശകരെ ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഗെയിമുകൾ എന്നിവയും കുട്ടികൾക്കായി പ്രത്യേക സോണുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.
കുട്ടികൾക്ക് മൃഗങ്ങളുമായി അടുക്കാനും സൗഹൃദപരമായ അനുഭവം സമ്മാനിക്കുന്നതിനുമായി ഒരു പുതിയ മിനി മൃഗശാലയും സജ്ജമാക്കിയിട്ടുണ്ട്. മാനുകൾ, കുതിരകൾ, ആടുകൾ, മുയലുകൾ, തത്തകൾ തുടങ്ങിയ അനവധി പക്ഷി, മൃഗങ്ങളെ ഇവിടെ കാണാനാവും. അതോടൊപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഗെയിം സോണുകളും ബംഗി ജംപിങ് ഉൾപ്പെടെയുള്ള സാഹസിക ഇനങ്ങളും സജ്ജമാണ്. കഴിഞ്ഞ വർഷം 650,000 പേരാണ് ഹത്ത സന്ദർശിച്ചത്. ഇത്തവണ അതിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ബ്രാൻഡ് ദുബൈ ഡയറക്ടർ ശൈമ അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

