ഹസ്സ ഇന്ന് യു.എ.ഇയിൽ: വീരപുത്രനെ വരവേൽക്കാൻ ജന്മനാട്
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ അറബ് പര്യവേക്ഷകൻ എന്ന കീർത്തി എഴുതിച്ചേർത്ത് രാജ്യത്തിന് അഭിമാനമായ യു.എ.ഇ പൗരൻ മേജർ ഹസ്സ അൽമൻസൂറി ശനിയാഴ്ച ജന്മനാട്ടിൽ തിരികെയെത്തും. ബഹിരാകാശ നിലയത്തിലേക്ക് ചരിത്രക്കുതിപ്പ് നടത്തിയ ഹസ്സക്ക് അവിസ്മരണീയമായ വരവേൽപ്പ് നൽകാനുള്ള തിടുക്കത്തിലാണ് രാജ്യം.
സെപ്റ്റംബർ 25നാണ് ഹസ്സ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) എത്തിയത്. എട്ടു ദിവസത്തിനു ശേഷം ഒക്ടോബർ മൂന്നിന് ഭൂമിയിലെത്തിയെങ്കിലും ആരോഗ്യ പരിശോധനകൾക്കായി റഷ്യയിലേക്കാണ് പോയത്. മനുഷ്യശരീരത്തിൽ മൈക്രോഗ്രാവിറ്റിയുടെ പ്രവർത്തനങ്ങൾ നിർണയിക്കുന്ന ശാസ്ത്രീയ പഠനത്തിെൻറ ഭാഗമായിരുന്നു മെഡിക്കൽ പരിശോധനകൾ. പരിശോധനകൾ പൂർത്തിയാക്കിയതോടെ ജന്മദേശത്തിെൻറ സ്നേഹത്തിലേക്ക് മടങ്ങാനുള്ള ആവേശത്തിലാണ് ഹസ്സയും.
ബഹിരാകാശ യാത്രയിൽ ഹസ്സക്ക് പകരക്കാരനായി പരിശീലനം നേടിയിരുന്ന സുൽത്താൻ അൽ നിയാദി, മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ചെയർമാൻ ഹമദ് ഒബയ്ദ് അൽമൻസൂരി, ഡയറക്ടർ ജനറൽ യൂസഫ് ഹമദ് അൽഷൈബാനി എന്നിവരും ശനിയാഴ്ച യു.എ.ഇ.യിലെത്തും. 16 പരീക്ഷണങ്ങളാണ് ഹസ്സ ബഹിരാകാശ കേന്ദ്രത്തിൽ നടത്തിയത്. ശനിയാഴ്ച വൈകീട്ട് 6.55ഓടെയാണ് രാജ്യതലസ്ഥാന നഗരിയായ അബൂദബിയിൽ ഹസ്സ വിമാനമിറങ്ങുന്നത്. തുടർന്ന് ദുബൈയിലേക്ക് താരപരിവേഷത്തോടെ യു.എ.ഇയുടെ സ്വന്തം പര്യവേക്ഷകൻ തിരിക്കും.
ആദരം ആകാശത്തും; െഎ.എസ്.എസ് വലംവെക്കും
ദുബൈ: അറബ് ലോകത്തിെൻറ ശാസ്ത്രകുതിപ്പുകളിലും പര്യവേക്ഷണ ചരിത്രങ്ങളിലും സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ട ഐതിഹാസികമായ മുന്നേറ്റത്തിൽ നായകനായ ഹസ്സ അൽമൻസൂറി വലിയ നേട്ടത്തിനുശേഷം മാതൃരാജ്യത്ത് തിരിച്ചെത്തുമ്പോൾ ആദരമൊരുക്കാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയവും (ഐ.എ.എസ്). യു.എ.ഇയുടെ മണ്ണിൽ ഹസ്സ കാലുകുത്തുമ്പോൾ ആദരവുമായി ഐ.എസ്.എസ് ആകാശത്ത് വലംവെക്കും. അബൂദബിയിൽ ഹസ്സ ഇറങ്ങുന്നതിന് 13 മിനിറ്റ് മുമ്പാണ് ബഹിരാകാശ നിലയം അറബ്നാട്ടിലെ ആദ്യ പര്യവേക്ഷകന് ആദരവുമായി അബൂദബിയുടെ ആകാശത്ത് വലംവെക്കാനെത്തുന്നത്.
ആ ചരിത്രമുഹൂർത്തം നിങ്ങൾക്ക് ഭൂമിയിൽനിന്നുകൊണ്ടു ആകാശത്ത് ദർശിക്കാനാവും. ഹസ്സ തിരികെ മാതൃരാജ്യത്തെത്തുമ്പോൾ ആകാശനീലിമയിൽ അഭിനന്ദങ്ങളും ആദരവുമായി സ്പേസ് സ്റ്റേഷനുണ്ടാകും. വെറും ആറ് മിനിറ്റ് മാത്രമേ കേന്ദ്രം കാണാനാകൂ. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നെത്തുന്ന കേന്ദ്രം തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. ഭൂമിയിൽനിന്നുകൊണ്ടുതന്നെ എല്ലാവർക്കും കാണാനാകുമെന്ന് യു.എ.ഇ കോംപാസ് ഇൻറർനാഷനലിെൻറ സ്പേസ് ക്യാമ്പ് ലീഡർ മിഖായേൽ ഫ്ലാക്ബാർട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
