കണ്ണൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ് ടാഗ് പ്രതിഷേധം കത്തുന്നു
text_fieldsദുബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രോഷപ്രകടനം. മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്ന നെറികെട്ട രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ ബി.ജെ.പിക്കും സി.പി.എമ്മിനും കണക്കറ്റ ശകാരമാണ് സാമൂഹിക മാധ്യമങ്ങളില്‍ രണ്ടു ദിവസമായി നിറയുന്നത്.
ദുബൈയിലെ ഏതാനും ചെറുപ്പക്കാര്‍ ഇതിനായി തുടങ്ങിയ ‘#കത്തിതാഴെഇടെടാ’ ഹാഷ് ടാഗ് ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായി. രാഷ്ട്രീയകൊലകള്‍ക്കെതിരായ പൊതുമനസ്സ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇതില്‍ വന്ന പതിനായിരക്കണക്കിന് പ്രതികരണങ്ങള്‍.
മോഹന്‍ലാല്‍ ചിത്രമായ ‘കിരീട’ത്തില്‍ ലാലിനോട് തിലകന്‍ പറയുന്ന ‘കത്തിതാഴെഇടെടാ’ എന്ന വാക്കാണ് ഹാഷ് ടാഗാക്കിമാറ്റിയത്. ബുധനാഴ്ച രാത്രി പ്രത്യക്ഷപ്പെട്ടയുടന്‍ ഇത് നവമാധ്യമങ്ങളിലെങ്ങും തരംഗമായി. ഇന്ത്യയിലും യു.എ.ഇയിലും ഇത് ഏറ്റവും കൂടുതല്‍ ഇടപെടല്‍ രേഖപ്പെടുത്തുന്ന ട്രെന്‍ഡിങ് ഹാഷ്ടാഗുകളുടെ പട്ടികയിലും ഇടംപിടിച്ചു. വ്യാഴാഴ്ച വൈകിട്ട് വരെ ട്വിറ്ററില്‍ 31,000ത്തിലേറെ പ്രതികരണങ്ങളാണ് ഈ ഹാഷ്ടാഗില്‍ ലഭിച്ചത്.
ഗള്‍ഫ് മലയാളികളാണ് പ്രതിഷേധകൊടുങ്കാറ്റില്‍ മുന്നില്‍ അണിചേരുന്നത്. ദുബൈയില്‍ ജോലി ചെയ്യുന്ന നിമേഷ്, വിപിന്‍കുമാര്‍, റഫീക്ക് എന്നിവരാണ് ഈ ഹാഷ് ടാഗ് തുടങ്ങിയത്. പ്രവാസികളുടെ മനസ്സ് പൂര്‍ണമായും രാഷ്ട്രീയ കൊലകള്‍ക്കെതിരാണെന്നും അവരുടെ മനസ്സ് പ്രതിഫലിപ്പിക്കാനും പ്രതിഷേധിക്കാനും ഇവിടെ നിന്ന് സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും വിപിന്‍കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘#പോമോനേമോദി’ ഹാഷ്ടാഗില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ മലയാളി കാമ്പയിനായി മാറിയിരിക്കുകയാണ് ‘#കത്തിതാഴെഇടെടാ’.
ലോകമെങ്ങുമുള്ള മലയാളികള്‍ മാത്രമല്ല മറ്റു സംസ്ഥാനക്കാരും അറബികള്‍ ഉള്‍പ്പെടെ വിദേശികളും ഇതില്‍ പ്രതികരിക്കുന്നുവെന്നതാണ് കൗതുകകരം. എന്താണ് സംഭവമെന്ന വിദേശികളുടെ അന്വേഷണത്തിന് പലരും ഇംഗ്ളീഷില്‍ മറുപടി നല്‍കിയതോടെ പ്രതിഷേധത്തില്‍ അവരും ചേര്‍ന്നു.
‘എന്തിനാണാവോ ഈ വെട്ടും കുത്തും ഒക്കെ .... നന്നായികൂടെ സഹോദരന്മാരെ?’, ആദ്യം മനുഷ്യനാകൂ, ആയുധങ്ങള്‍ക്കൊണ്ടല്ല,ആശയങ്ങള്‍ക്കൊണ്ടാണ് പോരാടേണ്ടത്’ തുടങ്ങിയ ഉപദേശങ്ങള്‍ മുതല്‍ അക്രമികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ വരെ പ്രതികരണങ്ങളില്‍ നിറഞ്ഞു. കണ്ണൂരിലെ നിസ്സഹയരായ അമ്മമാരുടെയും ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും ദയനീയവും ഭീതിദവുമായ അവസ്ഥ വരച്ചുകാട്ടുന്ന പ്രതികരണങ്ങളും ധാരാളമുണ്ടായിരുന്നു. രാഷ്ട്രീയ പോസ്റ്റുകള്‍ക്കും കുറവുണ്ടായില്ല. ഹര്‍ത്താലുകള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു.
ഹാഷ്ടാഗില്‍ വന്ന പ്രതികരണങ്ങളില്‍ ചിലത്
#രക്തസാക്ഷികളല്ല ഉണ്ടാകുന്നത്, വിധവകളും അനാഥകുഞ്ഞുങ്ങളുമാണ്.
#കൊല്ലാനും മരിക്കാനും എളുപ്പമാണ്,ജീവിച്ച് തെളിയിക്കാനാണ് പാട്.
#അധികാരവഴിയിലെ ബലി മൃഗങ്ങള്‍ പാവം മക്കളും വിധവകളും.
#സി.പി.എമ്മോ കോണ്‍ഗ്രസോ ബി.ജെ.പിയെ ലീഗോ ഏത് പാര്‍ട്ടിയായാലും പൊലിയുന്നത് മനുഷ്യ ജീവനുകളാണ്
#അന്നത്തെ കാലത്ത് രക്തസാക്ഷിത്വം ധീരതയാണെങ്കില്‍, ഇന്നത്തെ
കാലത്ത് രക്തസാക്ഷിത്വം ഊളത്തരമാണ്.
#ഇത് ജില്ലയിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാവട്ടെ.
#വീണ്ടും ഒരു ഹര്‍ത്താല്‍ ദിനം കൂടി. അതിനായി പ്രയത്നിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും നന്ദി.
#ഇനിയും ചൊരിയണോ നമ്മള്‍ കൂടപിറപ്പിന്‍െറ ചോര.
#ലീഡ് കൂട്ടാന്‍ ഈ മൊണ്ണകള്‍ ആരെ എപ്പൊ കൊല്ലൂന്നൊന്നും പറയാന്‍ പറ്റില്ല.
#ഏതു പ്രത്യയശാസ്ത്രത്തിന്‍െറ തണലില്‍ ഒളിക്കാന്‍ ശ്രമിച്ചാലും
ഈ കൊലപാതക രാഷ്ട്രീയത്തിന് ന്യായീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
